മോഷ്ടിച്ച ഫോണിലെ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ആറു പേർക്കെതിരേ കേസ്
1566302
Wednesday, June 11, 2025 1:53 AM IST
പയ്യന്നൂര്‍: നിര്‍ത്തിയിട്ട കാറില്‍നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഫോണിലെ വിവരങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ചതായും പരാതി. തായിനേരിയിലെ കെ.കെ. സുബൈറിന്റെ പരാതിയില്‍ കാരയിലെ എം.ടി.പി. ഷഫീഖ്, എ. സൈഫുദീന്‍ എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തോടെ തായിനേരി സര്‍വീസ് സ്റ്റേഷനു മുന്നിലെ റോഡിലാണ് സംഭവം.
ഇവിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പരാതിക്കാരന്റെ കാറിന്റെ ഡോര്‍ തുറന്നാണ് കാറിലെ ബോക്സില്‍ സൂക്ഷിച്ചിരുന്ന 32,000 രൂപയും മൊബൈല്‍ഫോണും മോഷ്ടിച്ചത്. പരാതിക്കാരന്റെ സുഹൃത്ത് മോഷണം നടത്തുന്നത് കണ്ടതിനാലാണ് പ്രതികളെ തിരിച്ചറിയാനായത്. മോഷ്ടിക്കപ്പെട്ട മൊബൈലിലുണ്ടായിരുന്ന പരാതിക്കാരന്റെ സ്വകാര്യ വിവരങ്ങളും കുടുംബ ചിത്രങ്ങളും സ്കൂള്‍ സംബന്ധമായ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.