പരിഗണന നോക്കി പാർട്ടികൾക്ക് പിന്തുണ; കരുത്തറിയിച്ച് ലത്തീന്‍ സമുദായ സംഗമം
1560825
Monday, May 19, 2025 5:08 AM IST
കൊച്ചി: ലത്തീന്‍ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കുത്തകയല്ലെന്നും സമുദായംഗങ്ങളെ പരിഗണിക്കുന്ന പാര്‍ട്ടികളെ മാത്രമേ തെരഞ്ഞെടുപ്പുകളില്‍ പിന്തുണയ്ക്കൂവെന്നും പ്രഖ്യാപിച്ച് ലത്തീന്‍ സമുദായ സംഗമം.
എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ കെഎല്‍സിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച സമുദായസംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാന് ബിഷപ് ഡോ.ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
അതിരൂപത പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ ഫൗണ്ടേഷനുമായി സഹകരിച്ച് കെഎല്‍സിഎ നടപ്പിലാക്കുന്ന നേത്ര ചികിത്സാ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. കെഎല്‍സിഎ മുഖപത്രം സത്യനാദം പ്രത്യേക പതിപ്പ് ബിഷപ് ഡോ. വാലുങ്കല്‍ കിന്‍ഫ്ര ചെയര്മാന് സാബു ജോര്‍ജിന് നല്കി പ്രകാശനം ചെയ്തു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി ടൗണ്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, കെസിഎഫ് ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി,
അല്മായ കമ്മീഷന് അസോ. ഡയറക്ടര്‍ ഷാജി ജോര്‍ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ബിസിസി ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ ഡയറക്ടര്‍ ഫാ.മാര്ട്ടിന് തൈപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.