പുതുമയും വ്യത്യസ്തതയും വിളിച്ചോതി,, എന്റെ കേരളം പ്രദര്‍ശന വിപണന മേള
1560826
Monday, May 19, 2025 5:08 AM IST
കൊച്ചി: കൗതുകമായി റോബോ ടോയ് ഡോഗ് ബെന്‍, ആഘോഷമാക്കാന്‍ 360 സെല്‍ഫി, സാഹസപ്രിയര്‍ക്കായി ബര്‍മ പാലം, സിനിമാ പ്രേമികള്‍ക്കായി തിയറ്റര്‍... സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷമായ എന്റെ കേരളം പ്രദര്‍ശന വിപണനമേള വ്യത്യസ്തകള്‍ കൊണ്ട് ആകര്‍ഷകമായി.
മേളയുടെ രണ്ടാം ദിവസമായ ഇന്നലെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വയോജനങ്ങളുടെ കലാപ്രകടനം ആസ്വാദകരുടെ മനം കവര്‍ന്നു. 276 സ്റ്റാളുകളാണ് എന്റെ കേരളം പ്രദര്‍ശനത്തിലുള്ളത്.
പൊക്കാളിപ്പാടവും കാര്‍ഷിക വിഭവങ്ങളുമായി കൃഷിവകുപ്പും കുന്നും മലയും തനതായി ഒരുക്കി വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ തിരമാലയുടെ അനുഭവം പകര്‍ന്ന് ടൂറിസം വകുപ്പുമൊക്കെ മേളയെ ശ്രദ്ധേയമാക്കി. ഭക്ഷ്യവസ്തുക്കള്‍ മുതല്‍ കരകൗശല വസ്തുക്കള്‍ വരെയുള്ള ഗുണമേന്മയുള്ള വിവിധ ഉത്പന്നങ്ങള്‍ ഒരുക്കി വിപണന സ്റ്റാളുകളും മേളയില്‍ സജീവം. കൈത്തറിയും ആലങ്ങാട് ശര്‍ക്കര, തുടങ്ങിയ തനത് വിഭവങ്ങളും സ്റ്റാളുകളില്‍ ലഭിക്കും.
ന്യായ വിലയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെയും സപ്ലൈക്കോയുടെയും സ്റ്റാളുകള്‍ സജ്ജം. കളിയിലൂടെ ലഹരിക്കെതിരെ ബോധവത്കരണം ഉറപ്പാക്കുകയാണ് എക്സൈസിന്റെ വിമുക്തി.
രുചി വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില് ഒരുക്കി ഭക്ഷണ പ്രേമികള്‍ക്ക് സ്വാദനുഭവം പകരുകയാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യമേള. രാത്രികളെ സംഗീതസാന്ദ്രമാക്കി പ്രശസ്തമായ ബാന്റുകളുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത നിശയിലും വന്‍ ജനക്കൂട്ടമാണ് നിറയുന്നത്. 23 വരെയാണ് മേള.