സെൽഫിയെടുക്കുന്നതിനിടയിൽ ഐഫോൺ കനാലിൽ വീണു; മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന
1567657
Monday, June 16, 2025 1:49 AM IST
അരിമ്പൂർ: സെൽഫിയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇറിഗേഷൻ കനാലിൽ വീണ ഒന്നേകാൽലക്ഷം രൂപ വിലവരുന്ന പുതിയ മൊബൈൽ ഫോൺ അഗ്നിരക്ഷാ സേനാംഗങ്ങൾ മുങ്ങിയെടുത്തു നൽകി.
മനക്കൊടി പുള്ള് ടൂറിസം പ്രദേശത്ത് എത്തി സെൽഫിയെടുക്കുന്നതിനിടയിൽ ചേർപ്പ് സ്വദേശി ഇ.പി. കൃഷ്ണയുടെ മൊബൈൽ ഫോണാണ് വെള്ളത്തിൽ വീണത്. ശനിയാഴ്ചയാണ് കൃഷ്ണ ഫോൺ വാങ്ങിയത്. ഇന്നലെ സെൽഫി എടുക്കുന്നതിനിടയിൽ കനാലിൽ വീഴുകയായിരുന്നു.
ഫയർഫോഴ്സ് തൃശൂർ ഡിവിഷനിൽ നിന്ന് എത്തിയ സംഘം ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ടു മണിക്കൂർ പ്രയത്നിച്ചാണ് ഫോൺ കണ്ടെടുത്തത്.