സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിൽ രക്തം: പോലീസ് അന്വേഷണം ആരംഭിച്ചു
1567664
Monday, June 16, 2025 1:49 AM IST
അരിമ്പൂർ: കുന്നത്തങ്ങാടിയിൽ സ്വകാര്യ കെട്ടിടത്തിന്റെ നടവഴിയിൽ പലയിടത്തായി രക്തംകണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി. കെട്ടിടത്തിന്റെ 15 മീറ്ററിലധികം നീളമുള്ള വരാന്തയിലും ഗോവണിയിലുമാണ് ശനിയാഴ്ച രാവിലെ രക്തംകണ്ടത്.
ഹൈടെക് മെഡിക്കൽലാബ്, കെഎസ്എഫ്ഇ കുന്നത്തങ്ങാടി ശാഖ ഓഫീസ്, തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോർ, കമ്പ്യൂട്ടർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സംഭവമറിഞ്ഞ് അന്തിക്കാട് പോലീസ് പരിശോധനനടത്തി.
സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ചോരയിൽ ചവിട്ടി തെരുവുനായകൾ ഓടിയതും പോലീസിനെ കുഴയ്ക്കുന്നു.
കെട്ടിടത്തിന് സമീപത്തെ പൈപ്പിൻ ചുവട്ടിലും രക്തം കണ്ടെത്തിയതോടെയാണ് നാട്ടുകാർക്ക് സംശയമേറിയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം.