താത്കാലിക ബണ്ട് പൊളിക്കില്ല; പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞു
1568204
Wednesday, June 18, 2025 1:16 AM IST
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളിലെ നൂറോളം വീടുകള്‍ വെള്ളക്കെട്ടിലായ വിഷയത്തിനു പരിഹാരമായി വാര്‍ഡ് നിവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടതുപ്രകാരം പുളിക്കലച്ചിറ പാലംനിര്‍മാണത്തിനായി നിര്‍മിച്ച താത്കാലിക ബണ്ട് പൊളിക്കില്ല. താത്കാലിക ബണ്ട് നിലനിർത്തിക്കൊണ്ടുതന്നെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ തന്നെ ആരംഭിക്കാനാണ് തീരുമാനമെന്ന് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം അധികൃതര്‍ അറിയിച്ചു.
താത്കാലിക ബണ്ട് പൊളിക്കുന്നത് അടുത്ത മാസം ആരംഭിക്കുന്ന നാലമ്പലദര്‍ശനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബണ്ട് നിലനിറുത്തിക്കൊണ്ടുതന്നെ വിഷയത്തിന് പരിഹാരം കാണാനും സുഗമമായി വെള്ളം ഒഴുകിപ്പോകാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിഡ്ജസ് വിഭാഗം അറിയിച്ചു.
ബണ്ട് പൊളിക്കണമെന്ന ആവശ്യത്തില്‍ ഉറപ്പ് ലഭിക്കാതെ വന്നതോടെ വൈകീട്ട് നാലിന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഭരണസമിതിയിലെ ബിജെപി അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍നിന്നും മടങ്ങി ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ ഒരുങ്ങിയ പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞു. നടപടി സ്വീകരിക്കേണ്ടിവരുമെന്ന് പോലീസ് വിശദീകരിച്ചപ്പോള്‍ പ്രതിഷേധവുമായി വാര്‍ഡ് നിവാസികള്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.
രാവിലെ വില്ലേജ് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ബണ്ട് പൊളിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ വ്യാസമുള്ള പൈ പ്പുകള്‍ സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയോ ചെയ്യാ നാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. അതേസമയം പഞ്ചായത്തിലെ പത്തനങ്ങാടി, കോതേറ്റിപ്പാടം പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. എതാനും പേര് ക്യാമ്പിലേക്കും മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കുമാണു മാറിയിരിക്കുന്നത്. വിടപറഞ്ഞ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജുവിന്റെ വീട് അടക്കം വെള്ളക്കെട്ടിലാണ്.
2018 ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും വെള്ളം കയറുന്നതെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ടിന് മാറ്റമുണ്ടായിട്ടില്ലെന്നും പ്രദേശത്തു നിന്നുള്ള വീട്ടുകാര്‍ പറഞ്ഞു.