ഡിസിസി സെക്രട്ടറിക്ക് കാരണംകാണിക്കൽ നോട്ടീസ്
1567660
Monday, June 16, 2025 1:49 AM IST
വടക്കാഞ്ചേരി: ഡിസിസി സെക്രട്ടറി ഉൾപ്പടെ നാലുപേർക്ക് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് കാരണംകാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞമാസംനടന്ന തലപ്പിളളി സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നോട്ടീസ് നൽകിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവസാനനിമിഷത്തിൽ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിപ്പിച്ച് സിപിഎം സ്ഥാനാർഥിയെ വിജയിപ്പിച്ച സംഭവത്തിലാണ് നോട്ടീസ്. ഡിസിസി ജനറൽസെക്രട്ടറി പി.ജെ. രാജു, കുന്നംകുളം നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും അമ്പലപ്പാട് സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റുമായ കെ. ചന്ദ്രശേഖരൻ, മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസഫ് തൈക്കാടൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സംഭവത്തിൽ കെപിസിസി സെക്രട്ടറി എ. പ്രസാദ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. നിജി ജെസ്റ്റിൻ എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
മൂന്നുദിവസത്തിനകം മറുപടി നൽകണമെന്നും കത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ 40 വർഷം യുഡിഎഫ് ഭരിച്ചിരുന്ന തലപ്പിള്ളി സഹകരണ യൂണിയൻ ഭരണമാണ് എൽഡിഎഫിന് ലഭിച്ചത്.