കനത്ത മഴ, വാഴത്തോട്ടങ്ങളില്‍ വെള്ളംകയറി
1568207
Wednesday, June 18, 2025 1:16 AM IST
കോടാലി: ദിവസങ്ങളായി തുടരുന്ന മഴ മറ്റത്തൂരിലെ വാഴക്കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പാടങ്ങളോടുചേര്ന്നുള്ള താഴ്ന്നപ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളില്‍ വെള്ളം കയറിയതാണു കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.
ഓണവിപണി ലക്ഷ്യംവെച്ച് കൃഷിചെയ്തിട്ടുള്ള നൂറുകണക്കിനു നേന്ത്രവാഴകളാണ് വെള്ളത്തില്‍ മുങ്ങിനില്ക്കുന്നത്. ഒരു മാസം മുമ്പ് കൃഷിയിറക്കിയ വാഴകളും വെള്ളത്തിലാണ്.
വാഴകളുടെ ചുവട്ടില്‍ നാലുദിവസത്തിലേറെ വെള്ളം കെട്ടിനിന്നാല്‍ വാഴകള്‍ക്ക് പഴുപ്പുബാധിച്ച് ഒടിഞ്ഞുവീഴുമെന്ന് കര്‍ഷകര്‍ പറയുന്നു. മറ്റത്തൂരിലെ ചേലക്കാട്ടുകര, മാങ്കുറ്റിപ്പാടം, കൊടുങ്ങ, കോപ്ലിപ്പാടം, മന്ദരപ്പിള്ളി, നൂലുവള്ളി എന്നിവിടങ്ങളിലെല്ലാം വാഴത്തോട്ടങ്ങള്‍ വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണ്.
വിളവെടുപ്പിനു പാകമായ തോ ട്ടങ്ങളില്‍ വെള്ളക്കെട്ടുള്ളതിനാല്‍ വാഴക്കുലകള്‍ വെട്ടിയെടുക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.
ഇനിയും രണ്ടു ദിവസത്തിലേറെ കനത്തമഴ തുടര്‍ന്നാല്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന് വാഴകര്‍ഷകര്‍ പറയുന്നു.