മോഡൽ ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിന് ചാത്തുണ്ണിയുടെ പേരിടും
1568206
Wednesday, June 18, 2025 1:16 AM IST
ചാലക്കുടി: ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചുകോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിനു ദേശീയ ഫുട്ബോൾ ടീം മുൻ കോച്ചും താരവുമായിരുന്ന അന്തരിച്ച ടി.കെ. ചാത്തുണ്ണിയുടെ നാമകരണം നടത്താൻ നഗരസഭ തീരുമാനം.
വുഡ് ഫ്ലോറിംഗ് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ പൂർത്തിയായ നഗരസഭയിലെ എം.എൽ. ജേക്കബ് സ്മാരക ഇൻഡോർ സ്റ്റേഡിയം 20നു പ്രവർത്തനമാരംഭിക്കും. ഒരു കോടിയിലേറെ രൂപ ചെലവിലാണ് മേപ്പിൾ മരത്തടിയിൽ ഫ്ലോറിംഗും വൈദ്യുതി പെയിന്റിംഗ് പ്രവൃത്തികളും പൂർത്തിയാക്കിയത്.
ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്കറ്റ്ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റണ്‍ പരിശീലനത്തിനും വ്യായാമത്തിനും ഉപയോഗിക്കാനും തീരുമാനിച്ചു. ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനവും ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിക്കുമെന്നു ചെയർമാൻ കൗണ്‍സിലിനെ അറിയിച്ചു.
പവലിയനും സിന്തറ്റിക് ട്രാക്കും ടോയ്്ലറ്റ് ബ്ലോക്കും ഉൾപ്പെടെയുള്ള ടർഫ് മൈതാനമാണു കായികവകുപ്പ് നിർമിക്കുന്നത്. സ്റ്റേഡിയത്തോടു ചേർന്നുള്ള മൈതാനവും ടൗണ്‍ ഹാൾ മൈതാനവും പാർക്കിംഗിനുനൽകി ഫീസ് ഈടാക്കും.
കലാഭവൻ മണി പാർക്കിൽ കാന്റീൻ ആരംഭിക്കും. നഗരസഭ താലൂക്ക് ആശുപത്രി വഴി നടപ്പാക്കുന്ന സാന്ത്വനം പാലിയേറ്റീവ് പരിചരണപദ്ധതിക്ക് പുതിയ വാഹനം വാങ്ങിനൽകുമെന്ന വൈസ് ചെയർപേഴ്സൻ സി. ശ്രീദേവിയുടെ ഓഫർ കൗണ്‍സിൽ അംഗീകരിച്ചു. ശുചീകരണപ്രവർത്തനങ്ങൾക്ക് വാർഡ്തല സമിതിക്ക് 10000 രൂപ വീതം നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്സണ്‍ അറിയിച്ചു. 28ന് എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ടൗണ്‍ഹാളിൽ അനുമോ ദിക്കും. നഗരസഭയിലെ അസി. എൻജിനീയറുടെ പ്രവർത്തനത്തിൽ കൗണ്‍സിൽ അസംതൃപ്തി രേഖപ്പെടുത്തി. ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.