പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്; മുഖ്യമന്ത്രിക്കെതിരേ കോണ്‍ഗ്രസ് പരാതി നൽകി
1568201
Wednesday, June 18, 2025 1:16 AM IST
തൃശൂർ: മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പരാതിനൽകി കോണ്‍ഗ്രസ് നേതാവും കോർപറേഷൻ കൗണ്‍സിലറുമായ ജോണ്‍ ഡാനിയൽ. നിലന്പൂർ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേരള പോലീസിൽ കൂടുതൽ വനിതകൾക്കു ജോലിനൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനം മാതൃകാ തെരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ചാണ് കെപിസിസി സെക്രട്ടറികൂടിയായ ജോണ്‍ ഡാനിയൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്.
തെരഞ്ഞെടുപ്പുവേളകളിൽ അധികാരസ്ഥാനത്തിരിക്കുന്നവർ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള ആനുകൂല്യപ്രഖ്യാപനങ്ങളോ സൗജന്യങ്ങളോ സഹായപദ്ധതികളോ പ്രഖ്യാപിക്കുന്നതു ചട്ടലംഘനമാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ടലംഘനത്തിനു മുഖ്യമന്ത്രിക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇ-മെയിലിൽ അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ സിവിൽ പോലീസ് ഓഫീസർമാരുടെ പാസിംഗ്ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണു പരാതി.