ആ​ലു​വ: നി​ർ​ദി​ഷ്ട ആ​ലു​വ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​മെ​ന്നും പ​ദ്ധ​തി പ്ര​ദേ​ശ​ത്തു നി​ന്ന് അ​ടി​യ​ന്തര​മാ​യി ഒ​ഴി​ഞ്ഞ് പോ​കാ​ൻ വ്യാ​പാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

27ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ന്ത് ത​ട​സ​ങ്ങ​ളു​ണ്ടാ​യാ​ലും 11 മാ​സ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​ഒ.​ ജോ​ൺ, തീ​ര​ദേ​ശ​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എംഡി ഡോ. ​ഷേ​യ്ക്ക് പ​രീ​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ൻ​വ​ർ സാ​ദ​ത്ത് എംഎ​ൽഎ ചെ​യ​ർ​മാ​നും എം.​ഒ.​ ജോ​ൺ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നു​മാ​യി സ്വാ​ഗ​ത​സം​ഘ​ത്തി​ന് യോ​ഗം രൂ​പം ന​ൽ​കി.