ചങ്ങമ്പുഴ അനുസ്മരണവും സാഹിത്യസംഗമവും
1568502
Thursday, June 19, 2025 2:04 AM IST
തൃശൂർ: കവി ചങ്ങമ്പുഴയുടെ 77-ാം ചരമവാർഷികദിനത്തിൽ നടത്തിയ അനുസ്മരണവും സാഹിത്യസംഗമവും കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയതു. സദ്ഭാവന ബുക്സ് എഡിറ്റർ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു.
ഡോ. എസ്.കെ. വസന്തൻ മുഖ്യപ്രഭാഷണവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. ഹരികുമാർ ചങ്ങമ്പുഴ അനുസ്മരണവും നിർവഹിച്ചു. ചങ്ങമ്പുഴ അനുസ്മരണസമിതി,സദ്ഭാവന ബുക്സ്, പഞ്ചാക്ഷരം ബുക്സ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഡോ. പി.വി. കൃഷ്ണൻനായരും എം.എസ്. ബാലകൃഷ്ണനും ചങ്ങമ്പുഴയുടെ കവിതകളെക്കുറിച്ച് പ്രഭാഷണം നടത്തി. പഞ്ചാക്ഷരം ബുക്സ് എഡിറ്റർ ഇ.ആർ. ഉണ്ണി, ഗിന്നസ് സത്താർ ആദൂർ, രമ്യ ബാലകൃഷ്ണൻ, ചങ്ങമ്പുഴ സാഹിതി പുരസ്കാരജേതാവ് കാവല്ലൂർ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ചങ്ങമ്പുഴ സ്മാരക പുരസ്കാരങ്ങൾ ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിച്ചു. ചങ്ങമ്പുഴക്കവിതകളുടെ ആലാപനവും ഗീത മേലേഴത്ത് അവതരിപ്പിച്ച ചങ്ങമ്പുഴക്കവിത വാഴക്കുലയുടെ നൃത്താവിഷ്കാരവുമുണ്ടായി.