പുളിക്കലച്ചിറ ബണ്ട് പൊളിക്കില്ല; വെള്ളം ഒഴുക്കിവിടും
1568506
Thursday, June 19, 2025 2:04 AM IST
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെ ജനങ്ങളെ ദുരിതത്തിലാക്കിയ വെള്ളക്കെട്ടിനു പരിഹാരം കാണാനുള്ള അടിയന്തരനടപടികള്‍ തുടങ്ങി.
പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലംനിര്മാണത്തോടനുബന്ധിച്ച് നിര്‍മിച്ചിട്ടുള്ള താത്കാലിക ബണ്ട്റോഡ് നിലനിർത്തി ക്കൊണ്ടുതന്നെ പുളിക്കലച്ചിറ പാടത്തെ അധികജലം ഒഴുക്കിവിടാനുള്ള നിര്‍മാണ പ്രവൃത്തികളാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് ആരംഭിച്ചിരിക്കുന്നത്.
തോടിന്റെ ഇരുവശത്തുമായി ചാലുകള്‍ കീറുന്ന പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. ജലത്തിന്റെ ഒഴുക്ക് കുറയുന്നതോടെ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കും. അധികജലം ഒഴുക്കി വിടാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോടൊപ്പംതന്നെ അടുത്തമാസം ആരംഭിക്കുന്ന നാലമ്പലദര്‍ശനം സുഗമമാക്കാന്‍ വേണ്ടി താത്കാലിക ബണ്ട് റോഡ് ശക്തിപ്പെടുത്തുന്ന പ്രവൃത്തികളും അടിയന്തരമായി പൂര്‍ത്തീകരിക്കും.
ചാലക്കുടി സ്വദേശിയായ ജിന്‍സനാണ് ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ എറ്റെടുത്തിരിക്കുന്നത്.