മാധ്യമപ്രവർത്തകയെ കെെയേറ്റംചെയ്യാൻ ശ്രമം; ആറുപേർ പിടിയിൽ
1568771
Friday, June 20, 2025 2:06 AM IST
ചാവക്കാട്: മാധ്യമപ്രവർത്തകയെ കെെയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജോലിതടസപ്പെടുത്തി മൊബൈൽഫോൺ തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ ആറുപേർ പിടിയിൽ. കടപ്പുറം മുനക്കക്കടവ് സ്വദേശികളായ പടിഞ്ഞാറേപുരയ്ക്കൽ മുഹമ്മദ് റാഫി(61), പോക്കാക്കില്ലത്ത് ഹുസൈൻ(37), പടിഞ്ഞാറേപുരക്കൽ ഷാനവാസ്(43), കറുത്ത ശിഹാബ്(43), പുതുവീട്ടിൽ ഷാഹുൽഹമീദ്(63), പൊന്നാക്കാരൻ മുഹമ്മദാലി(54) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച കടപ്പുറം മുനയ്ക്കക്കടവിലായിരുന്നു സംഭവം.
കടൽക്ഷോഭവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ സർക്കിൾ ന്യൂസിന്റെ കെ.എസ്. പാർവതിയെയാണ് കെെയേറ്റംചെയ്തത്. കടൽക്ഷോഭദൃശ്യം ഫോണിൽ പകർത്തുന്നതിനിടയിൽ ഒരുസംഘം ദൃശ്യംപകർത്താൻ അനുവദിക്കില്ലെന്നുപറഞ്ഞു ഭീഷണിമുഴക്കുകയായിരുന്നു. പിന്നീട് സംഘം ഫോൺ തട്ടിയെടുത്തു. ഏറെനേരത്തിനുശേഷം നാട്ടുകാരിൽ ചിലർ ഇടപെട്ടാണ് ഫോൺ തിരികെവാങ്ങി നൽകിയത്. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. പാർവതിയുടെ പരാതിയിൽ പത്തുപേർക്കെതിരെ കേസെടുത്തു.