നാട്ടികയിൽ കടലേറ്റം രൂക്ഷം ; വിനോദസഞ്ചാരകേന്ദ്രത്തിന്റെ 30 കുടിലുകൾ കടലെടുത്തു
1568497
Thursday, June 19, 2025 2:04 AM IST
തൃപ്രയാർ: കനത്ത മഴയും കാറ്റും നാട്ടികയിൽ കടലേറ്റം രൂക്ഷമാക്കി. വിനോദസഞ്ചാരികൾക്കായി നിർമിച്ച കുടിലുകൾ കടലെടുത്തു. നാട്ടിക ബീച്ച് റിസോർട്ടിനു സമീപമാണ് കടലേറ്റം രൂക്ഷമായിട്ടുള്ളത്. ഇവിടെ വിനോദ സഞ്ചാരികൾക്കായി നിർമിച്ച മുപ്പതോളം കുടിലുകളും സമീപപ്രദേശങ്ങളിലെ തെങ്ങുകളും കടലെടുത്തു.
കുഴിപ്പൻതിരമാലകളാണു നാശത്തിനു കാരണമായതെന്ന് സമീപവാസികൾ പറയുന്നു. കുറച്ചുകാലങ്ങൾക്കുമുമ്പ് ഈ പ്രദേശത്ത് കുഴിപ്പൻതിരമാലകൾ കാരണം 20 മീറ്ററോളം കടലെടുത്തുപോയിരുന്നു. ഇതിനോടൊപ്പം നിരവധി കാറ്റാടിമരങ്ങളും തെങ്ങുകളും കടപുഴകി നശിച്ചിരുന്നു.
മഴക്കെടുതി: ജില്ലയിൽ ദുരിതാശ്വാസ
ക്യാമ്പുകൾ 22 ആയി
തൃശൂർ: ജില്ലയിൽ മഴയുടെ ശക്തി ചെറുതായി കുറഞ്ഞെങ്കിലും ഇടവിട്ടു ശക്തമായ മഴ പലയിടത്തും പെയ്തു. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കൂടി. നിലവിൽ 22 ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 197 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ആകെ 550 പേരിൽ 175 പുരുഷൻമാരും 247 സ്ത്രീകളും 128 കുട്ടികളുമുണ്ട്.