പുതുക്കാട് തട്ടുകടകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍പരിശോധന; രണ്ടു കടകള്‍ അടപ്പിച്ചു
1568513
Thursday, June 19, 2025 2:05 AM IST
പുതുക്കാട്: സെന്ററിലെ തട്ടുകടകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്തതും പഴകിയ ഭക്ഷണം കണ്ടെത്തിയതുമായ രണ്ടു കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്കി. രണ്ടു ദിവസത്തിനുള്ളില്‍ മറ്റുള്ള തട്ടുകള്‍ വൃത്തിയാക്കിയശേഷം ആരോഗ്യവകുപ്പിനെ അറിയിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
പുതുക്കാട് സെന്ററിലെ കടകളില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുഴുവിനെയും തേരട്ടയെയും കണ്ടെത്തിയതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ പരിശോധന. വഴിയാത്രക്കാരാണ് കൂടുതലായി പരാതിയുമായെത്തുന്നത്.
ദേശീയപാതയോരത്തെ കടകളില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും പരാതി ഉയര്‍ന്നിരുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ രാത്രി പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുതുക്കാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്. രാജേഷ്, പഞ്ചായത്തുതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. ഗീതുപ്രിയ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ റസാഖ്, നിമ്മി എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.