കനോലി കനാൽ കവിഞ്ഞു; തീരദേശം വെള്ളക്കെട്ടിൽ
1568505
Thursday, June 19, 2025 2:04 AM IST
കയ്പമംഗലം: കനോലി കനാൽ കവിഞ്ഞതോടെ കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. നീരൊഴുക്കു വർധിച്ചതോടെ പുഴകവിഞ്ഞ് വെള്ളം ഒഴുകിയെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കി. എടത്തിരുത്തി ആറാം വാർഡ് കോഴിത്തുമ്പ്, കയ്പമംഗലം എട്ട്, ഒമ്പത് വാർഡുകളിലെ ചളിങ്ങാട്, കാക്കാത്തിരുത്തി താഴ്വാരം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്.
ഈ ഭാഗങ്ങളിലായി ഇരുന്നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. വീട്ടുകാരിൽ പലരും ബന്ധുവീടുകളിലേക്കും മറ്റും മാറിയിരിക്കുകയാണ്. 14 കുടുംബങ്ങളെ പഞ്ചായത്ത് ദുരിതാശ്വാസക്യാമ്പിലേക്കും മാറ്റിയിട്ടുണ്ട്. ഇവർക്കുവേണ്ട എല്ലാ സൗകര്യവും സഹായവും ചെയ്തിട്ടുണ്ടെന്ന് കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി പറഞ്ഞു.
ഇ.ടി. ടൈസൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, പഞ്ചായത്തംഗങ്ങളായ എം.എസ്. സുജിത്ത്, വി.ബി. ഷെഫീഖ് എന്നിവർ വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ചു.