ട്രോളിംഗ് നിരോധനം ലംഘിച്ചു; തമിഴ്നാട് വള്ളം പിടിച്ചു
1568510
Thursday, June 19, 2025 2:05 AM IST
ചാവക്കാട്: ട്രോളിംഗ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്താൻ ശ്രമിച്ച വള്ളം പിടികൂടി. മത്സ്യബന്ധനത്തിനായി തമിഴ്നാട്ടിൽനിന്നു കളർകോഡ് മാറ്റി ബ്ലാങ്ങാട് ബീച്ചിലെത്തി മത്സ്യബന്ധനത്തിനായി ഒരുങ്ങുന്നതിനിടയിലാണ് മറൈൻ എൻഫോഴ്സ്മെന്റ് ചീഫ് ഗാർഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം വള്ളവും എൻജിനും വലകളും പിടിച്ചെടുത്തത്.
കളർ കോഡും ജീവൻരക്ഷ ഉപകരണങ്ങളും ഇല്ലാതെയാണ് മത്സ്യബന്ധനത്തിന് എത്തിയത്. നിയമം ലംഘിച്ച കുളച്ചൽ സ്വദേശി ഡേവിഡ് അശ്വിന്റെ ഉടമസ്ഥതയിലുള്ള "പുനിത പ്രകാശിയമ്മാൾ' എന്ന ആഴക്കടൽ മത്സ്യബന്ധന യാനമാണ് ചീഫ് ഗാർഡ് വി.ജി. അജിത്ത്കുമാർ, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമയുടെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി പിടിച്ചെടുത്തത്.
20,000 രൂപ പിഴ ചുമത്തി.
മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എൻ.പ്രശാന്ത്കുമാർ, പി.എം. ഷൈബു, കോസ്റ്റൽ എസ്ഐമാരായ ലോഫിരാജ്, ജോബി വർഗീസ് തുടങ്ങിയവർ പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു.