യുവാവിന്റെ മരണം: റോഡ് ഉപരോധത്തിൽ സംഘർഷം; പ്രവർത്തകരെ അറസ്റ്റുചെയ്തു
1570624
Friday, June 27, 2025 1:13 AM IST
തൃശൂർ: എംജി റോഡിലെ വാഹനാപകടത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. റോഡിന്റെ ശോച്യാവസ്ഥയും തുടരുന്ന അപകടങ്ങൾക്കുമെതിരേ യൂത്ത് കോണ്‍ഗ്രസ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ഉപരോധമാണ് സംഘർഷത്തിൽ കലാശിച്ചത്.
നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുമേഷ്, നേതാക്കളായ വിഷ്ണുചന്ദ്രൻ, സി.എസ്. സൂരജ്, ഡെൽജിൻ ഷാജു, നിഖിൽ വടക്കൻ, ശ്രീരാം ശ്രീധർ, പി.ജി. സൗരാഗ്, അമൽ ജെയിംസ്, ലിയാസ് ബാബു, ആന്റണി, എം.എച്ച്. ഷെമീർ, അരുണ്‍ തുടങ്ങിയവർ പങ്കെടുത്തു.
മേയറെ അറസ്റ്റുചെയ്യണം: ബിജെപി
തൃശൂർ: എംജി റോഡിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മേയർ എം.കെ. വർഗീസിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്യണമെന്ന് ബിജെപി.
തൃശൂർ നഗരത്തിലെ റോഡുകളിലെല്ലാം ആളുകൾക്കു സഞ്ചരിക്കാൻ കഴിയാത്തവിധം കുഴികൾ നിറഞ്ഞിട്ടും കുഴികളടയ്ക്കാനോ റോഡ് റീടാർ ചെയ്യാനോപോലും സമയമില്ലാത്ത മേയർ ടൂർ പോകാനുള്ള തിരക്കിലാണെന്നും ബിജെപി കുറ്റപ്പെടുത്തി.