അന്തർദേശീയ ലഹരിവിരുദ്ധദിനം; ജില്ലാതല ഉദ്ഘാടനം നടത്തി
1570627
Friday, June 27, 2025 1:13 AM IST
പറപ്പൂർ: അന്തർദേശീയ ലഹരിവിരുദ്ധദിനം 2025 ജില്ലാതല ഉദ്ഘാടനം പറപ്പൂർ കുന്നത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി മുഖ്യാതിഥിയായി.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി ശ്രീദേവി ദിനാചരണസന്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ആൻഡ് എൻടിഇപി നോഡൽ ഓഫീസർ എൻ.എ. ഷീജ വിഷയം അവതരിപ്പിച്ചു.
പുകയിലരഹിത പഞ്ചായത്തിന്റെയും പുകയിലരഹിത വിദ്യാലയങ്ങളുടെയും ജില്ലാതല പ്രഖ്യാപനവും ആരോഗ്യം ആനന്ദം 2.0, പുരുഷന്മാർക്കുള്ള സൗജന്യ കാൻസർനിർണയ ക്യാന്പും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. തോളൂർ ഗ്രാമപഞ്ചായത്തിനു ജില്ലയിലെ പ്രഥമ പുകയിലരഹിത പഞ്ചായത്തിനുള്ള സാക്ഷ്യപത്രവും പുകയിലരഹിത വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള സാക്ഷ്യപത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി ജോസ്, പി.വി. ബിജു, വി.എസ്. ശിവരാമൻ, തോളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ജോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷീന വിൽസണ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. രഘുനാഥൻ, വി.പി. അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരിക്കെതിരേ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും ഗവ. നഴ്സിംഗ് കോളജ് വിദ്യാർഥികളും ഫ്ളാഷ് മോബ്, സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചു.