ദേവാലയങ്ങളിൽ തിരുനാൾ
1570635
Friday, June 27, 2025 1:13 AM IST
മറ്റം പള്ളി
മറ്റം: സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും ഈശോയുടെ തിരുഹൃദയത്തിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. ഫൊറോന വികാരി ഫാ. ഫ്രാൻസീസ് ആളൂർ കൊടിയേറ്റം നിർവഹിച്ചു. അസിസ്റ്റന്റ്് വികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കൽ സഹകാർമികനായി. കൈക്കാരന്മാർ, തോമസ് നാമധാരികൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
ജൂലൈ രണ്ട്, മൂന്ന് തീയതികളിലാണ് തിരുനാളാഘോഷം. രണ്ടിന് വൈകീട്ട് ആറിന് ആഘോഷമായ വിശുദ്ധ കുർബാന, വേസ്പര, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നിവ നടക്കും. തിരുക്കർമങ്ങൾക്ക് ചൂണ്ടൽ പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനാകും. തുടർന്ന് ബാൻഡ് വാദ്യം, ഫാൻസി വെടിക്കെട്ട് എന്നിവ ഉണ്ടാവും.
തിരുനാൾദിനമായ മൂന്നിനു രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾപാട്ടുകുർബാന, സന്ദേശം എന്നീ തിരുക്കർമങ്ങൾക്കു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണവും നേർച്ചപ്പായസവിതരണവും നടക്കും. രാത്രി ഏഴുമുതൽ ഏയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ബാൻഡ്വാദ്യം സ്റ്റേജ് ഷോ ഉണ്ടായിരിക്കും.
കാഞ്ഞാണി പള്ളി
കാഞ്ഞാണി: സെന്റ് തോമസ് പള്ളിയിലെ ദുക്റാന തിരുനാൾ ആഘോഷത്തിന് കൊടിയേറി. വികാരി ഫാ. ദാവീദ് വിതയത്തിൽ കൊടിയേറ്റം നിർവഹിച്ചു. ജുലൈ രണ്ട്, മൂന്ന് തീയതികളിലാണ് തിരുനാൾ.
രണ്ടിന് വൈകിട്ട് ഏഴിന് പാന്തോട് സെന്ററിൽ നിന്നും ബാൻഡ് വാദ്യം, തേര് എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, ഒമ്പതിന് കപ്പേളയിൽ യൂണിറ്റുകളുടെ എഴുന്നള്ളിപ്പ് എത്തിച്ചേരും. 9.30 നു പള്ളിയിൽ യൂണിറ്റുകളുടെ എഴുന്നള്ളിപ്പുകൾ സംഗമിക്കും. 11 ന് വർണമഴ.
തിരുനാൾ ദിനമായ മൂന്നിന് രാവിലെ 6.30 നു കുർബാന, ലദീഞ്ഞ്, നൊവേന, കാഴ്ചസമർപ്പണം , പത്തിന് ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, വിശ്വാസിസംഗമം, മാർഗംകളി എന്നിവ നടക്കും. ജനറൽ കൺവീനർ അഡ്വ. സന്തോഷ് മണ്ടുംപാല, ട്രസ്റ്റിമാരായ കെ.ജെ. ബേബി, എ.പി. റോബി, നവീൻ തോമസ് എന്നിവർ കൊടിയേറ്റ ചടങ്ങുകൾക്കു നേതൃത്വം നൽകി.