ലഹരിക്കെതിരേ അണിനിരന്ന് കോട്ടപ്പുറം രൂപത
1570640
Friday, June 27, 2025 1:13 AM IST
കൊടുങ്ങല്ലൂർ: കെസിബിസിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം രൂപതയ്ക്കു കീഴിലെ എല്ലാ വിദ്യാലയങ്ങളിലും മതബോധനക്ലാസുകളിലും നടത്തുന്ന രാസലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു.
മാള പള്ളിപ്പുറം സെന്റ് ആന്റണീസ് സ്കൂളിൽ നടന്ന ചടങ്ങിനു കോട്ടപ്പുറം രൂപത ലഹരിവിരുദ്ധസമിതി ഡയറക്ടർ റവ. ഫാ. ബിജു തേങ്ങാപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്, കോട്ടപ്പുറം എഡ്യുക്കേഷണൽ ഏജൻസി ജനറൽ മാനേജർ റവ. ഫാ. സിബിൻ കല്ലറക്കൽ, സ്കൂൾ മാനേജർ റവ. ഫാ. പോൾ തോമസ് കളത്തിൽ, ഒഎസ്എ പ്രസിഡന്റ് ബൈജു പാറേക്കാടൻ, പിടിഎ പ്രതിനിധി പ്രസിജ ഷൈജു എന്നിവർ ആശംസകളർപ്പിച്ചു. സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ ലഹരിക്കെതിരേ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി. കെസിബിസി ലഹരിവിരുദ്ധസമിതി മധ്യമേഖല സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ സെമിനാർ നടത്തി. ലഹരിവിരുദ്ധസമിതി പ്രസിഡന്റ് സേവ്യർ പടിയിൽ നന്ദി പറഞ്ഞു.
രൂപതയിലെ എല്ലാ സ്കൂളിലും ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി രാസലഹരിക്കെതിരേ പ്രവർത്തിക്കാൻ കുട്ടികൾ സന്നദ്ധരാണ് എന്നു പ്രഖ്യാപിച്ചു. വരുംദിനങ്ങളിൽ രൂപതയിലെ എല്ലാ സ്കൂളിലും ലഹരിവിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കും.