ഒല്ലൂരിലെ റോഡുകളുടെ നിര്‍മാണം വേഗത്തിൽ പൂര്‍ത്തിയാക്കും: മന്ത്രി
1570630
Friday, June 27, 2025 1:13 AM IST
തൃശൂർ: ഒല്ലൂർ നിയോജകമണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിക്കുന്ന റോഡുകളുടെ പണി വേഗത്തിൽ പൂർത്തീകരിക്കുന്നതിനു മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡും മുരുക്കുംപാറ ചേരുംകുഴി ചവറാംപാടം റോഡും ജലജീവൻ മിഷന്റെ പണികൾ പൂർത്തിയാക്കി റീസ്റ്റോറേഷൻ പ്രവൃത്തികൾക്കുള്ള ടെൻഡർ നടപടികൾ പ്രസിദ്ധീകരിക്കും.
മറ്റൊരു റോഡായ പാണഞ്ചേരി കോന്പാറ ചെന്പൂത്ര റോഡ് ഈ ആഴ്ചതന്നെ റീസ്റ്റോറേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി പിഎംജിഎസ്വൈയ്ക്കു കൈമാറും. ഇതു പൂർത്തിയാകുന്ന മുറയ്ക്കു റോഡുനിർമാണത്തിന്റെ ബാക്കി പ്രവൃത്തികളും പൂർത്തീകരിക്കും.
ചെന്നായ്പ്പാറ വെള്ളരിക്കത്താഴം റോഡിൽ സംയുക്തപരിശോധന നടത്തി ജലജീവൻ മിഷൻ, പിഎംജിഎസ്വൈ എക്സിക്യൂട്ടീവ് എൻജിനീയർമാർ കരാർ ഉണ്ടാക്കി നിർമാണപ്രവർത്തനങ്ങൾക്കു നിർദേശം നൽകും. ജലജീവൻ മിഷൻ റീസ്റ്റോറേഷൻ പൂർത്തിയാക്കി റോഡുമായി ബന്ധപ്പെട്ട് പുതിയ ഡിഎസ്ആർ അനുസരിച്ചുള്ള കരാർനടപടികളും പൂർത്തീകരിക്കും.
കുറഞ്ഞ കാലത്തിനുള്ളിൽ നടപടി പൂർത്തീകരിക്കാൻ നിർദേശം നൽകിയ മന്ത്രി ഇതിനായി മൂന്നു റോഡുകളുടെയും പ്രവൃത്തികലണ്ടർ അടിയന്തരമായി സമർപ്പിക്കുവാനും നിർദേശിച്ചു.
യോഗത്തിൽ കേരള വാട്ടർ അഥോറിറ്റി എംഡി ജീവൻ ബാബു, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.