പ്രാഥമിക പഠനം: "ചുവട്' പദ്ധതിയുമായി ആറളം ഫാം തൊഴിലാളികൾ
1417340
Friday, April 19, 2024 1:48 AM IST
ഇരിട്ടി: വേനൽ ചൂടിൽ കഷ്ടപ്പെടുന്ന ആറളം ഫാമിലെ തൊഴിലാളികളുടെ വിശ്രമവേളകൾ പ്രാഥമിക പഠന സൗകര്യങ്ങൾ ഒരുക്കി ‘ചുവട്’ പദ്ധതി ശ്രദ്ധേയമാകുന്നു. ഫാം അഡ്മിനിസ്ട്രേറ്റർ പി.കെ. നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫാം ജീവനക്കാരും എംഎസ്ഡബ്ള്യു ഇന്റേൺഷിപ്പിനായി എത്തിയിരിക്കുന്ന വിദ്യാർഥികളും ചേർന്നാണ് പുതിയ പഠന പദ്ധതി നടപ്പിലാക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്ത ഫാമിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്കാണ് മലയാളം, ഇംഗ്ലീഷ് അക്ഷരങ്ങളും അനുദിനം ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കണക്കുകളും സ്വന്തം പേരുകൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് ചുവടിന്റെ പ്രാഥമിക ലക്ഷ്യം. ഒരുമാസം നീളുന്ന ആദ്യ പരിശീലന കാലഘട്ടത്തിൽ വിവിധ കോളജുകളിൽ നിന്നും ഇന്റേൺഷിപ്പിനായി എത്തിയിരിക്കുന്ന വിദ്യാർഥികളാണ് ക്ലാസുകൾ നയിക്കുന്നത്.
ആദ്യ ദിവസങ്ങളിൽ മലയാളം അക്ഷരങ്ങൾ എഴുതാനുള്ള പരിശീലനം പൂർത്തിയാകും. ഹോം വർക്കുകളും മറ്റു രസകരമായ പഠനപരിപാടികളുമാണ് തൊഴിലാളികൾക്കായി ഒരുക്കിയിരിക്കുന്നത്. തൊഴിലാളികൾക്ക് ഓഫീസ് സംബന്ധമായ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തരാക്കുക, ലീവ് ലെറ്റർ എഴുതാൻ പരിശീലനം നൽകുക എന്നതും പരിശീലന പരിപാടിയുടെ ഭാഗമാണ്.
ഒരുമാസത്തെ പരിശീലനത്തിനുശേഷം തൊഴിലാളികളിൽ നിന്ന് തന്നെ പ്രാവീണ്യം നേടിയവരെ കണ്ടെത്തി പരിശീലനം തുടരാനാണ് ഫാം മാനേജ്മെന്റിന്റെ തീരുമാനം. മാതാപിതാക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിലൂടെ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിലവിൽ ആറളം ഫാം സ്കൂളിൽ 50 ശതമാനം കുട്ടികൾ മാത്രമാണ് ഹാജർനില. മാതാപിതാക്കളെ ബോധവത്കരിക്കുന്നതിലൂടെ കൂടുതൽ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ കഴിയുമെന്നും ഫാം മാനേജ്മെന്റ് കരുതുന്നു . ചുവട് പദ്ധതിക്ക് ഫാം ബ്ലോക്ക് എട്ടിലെ ചേന, ചേമ്പ് തുടങ്ങി പുതിയ ഫലവർഗങ്ങൾ കൃഷി ആരംഭിക്കുന്ന അണുങ്ങോട് ഭാഗത്തെ 100 ഏക്കറോളം വരുന്ന കൃഷി സ്ഥലത്തിന് സമീപത്തെ മരത്തണലിലായിരുന്നു തുടക്കം.
തൊഴിലാളികൾ തന്നെ ബോർഡിൽ അക്ഷരങ്ങൾ എഴുതിയായിരുന്നു ചുവടിന്റെ ഉദ്ഘാടനം. അഡ്മിനിസ്ട്രേറ്റർ ചുവടിന്റെ ലക്ഷ്യവും ഉദ്ദേശങ്ങളും പങ്കുവച്ചും അക്ഷരങ്ങൾ പറഞ്ഞുകൊടുത്തും പാട്ടുപാടിയും തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നു. ഫാം ജീവനക്കാരായ ജോസഫ് ജോർജ്, ശ്രീഷ കെ. സജീഷ്, എംഎസ്ഡബ്ള്യു വിദ്യാർഥികളായ അഞ്ജലി, ഷാനെറ്റ് ബാബു എന്നിവരും നേതൃത്വം നൽകി.