തളിപ്പറന്പിൽ കോൺഗ്രസ് നേതാവിന്റെ വീടാക്രമിച്ച് വാഹനങ്ങൾ തകർത്തു
1560219
Saturday, May 17, 2025 2:05 AM IST
തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സിപിഎം സംഘർഷം തളിപ്പറന്പിലേക്കും പടരുന്നു. വ്യാഴാഴ്ച രാത്രി ഒരു സംഘം കോൺഗ്രസ് തളിപ്പറന്പ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്. ഇർഷാദിന്റെ തൃച്ചംബരത്തെ വീടാക്രമിച്ച് മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളും വീടിന്റെ ജനൽചില്ലുകളും അടിച്ചു തകർത്തു.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മൂന്നു ബൈക്കുകളിലായി എത്തിയ ഏഴംഗ സംഘമാണ് അക്രമം നടത്തിയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും അടിച്ചു തകർത്ത അക്രമി സംഘം വീടിന്റെ അഞ്ച് ജനൽചില്ലുകളും തകർത്തു.
ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇര്‍ഷാദും ഉണ്ടായിരുന്നുവെന്ന് കാണിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് വീടാക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇർഷാദിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.