ചെറുപുഴ വ്യാപാരോത്സവം: ബംപർ നറുക്കെടുപ്പ് നടത്തി
1561736
Friday, May 23, 2025 1:02 AM IST
ചെറുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ് നടത്തിയ വ്യാപാരോത്സവത്തിന്റെ ബംപർ നറുക്കെടുപ്പ് നടത്തി. ചെറുപുഴ ലയൺസ് ഹാളിൽ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ് വാർഷിക പൊതുയോഗത്തിലാണു ബംപർ നറുക്കെടുപ്പ് നടത്തിയത്. ടി.ഐ. മധുസൂദനൻ എംഎൽഎ നറുക്കെടുത്തു. ചെറുപുഴ എസ്എവി വെജിറ്റബിൾസ് നൽകിയ കൂപ്പണിനാണ് ഒന്നാം സമ്മാനമായ മാരുതി ആൾട്ടോ കാർ ലഭിച്ചത്. ചെറുപുഴ പാണ്ടിക്കടവിലെ മായാ ബാബുവാണ് സമ്മാനാർഹയായത്. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി എ.ടി.വി. രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഹരിദാസ്, ജില്ലാ സെക്രട്ടറി എൻ.വി. കുഞ്ഞിരാമൻ, മേഖലാ പ്രസിഡന്റ് റോയി ജോസ്, മേഖലാ ട്രഷറർ ടി.വി. സുജിത്ത്, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ജിന്റോ ജോയി, വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു ജേക്കബ്, ജോയി ജോസഫ്, വി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.
വ്യാപാരോത്സവത്തിൽ പങ്കാളികളായ സ്ഥാപനങ്ങളെ നറുക്കെടുത്ത് പ്രത്യേക സമ്മാനങ്ങൾ നൽകി. കൂടാതെ ഏപ്രിൽ മാസത്തെ നറുക്കെടുപ്പ് വിജയികൾക്കും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.