വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ സുവർണ നേട്ടവുമായി സ്നോളി ലിറ്റോ
1561982
Saturday, May 24, 2025 1:39 AM IST
പൈസക്കരി: ചൈനയിലെ തായ്പേയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് ഗെയിംസിൽ സുവർണ നേട്ടവുമായി പൈസക്കരി സ്വദേശിനി സ്നോളി ലിറ്റോ. 35 മുതൽ 40 വരെ വയസ് പ്രായമുള്ളവരുടെ വിഭാഗത്തിൽ ഹാമർ ത്രോയിലാണ് സ്നോളി സ്വർണമെഡൽ കരസ്ഥമാക്കിയത്. സ്കൂൾ, കോളജ് പഠനകാലത്ത് ഹാമർ ത്രോയിലും ബോക്സിംഗിലും മെഡൽ നേടിയിട്ടുള്ള സ്നോളി വിവാഹശേഷം കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ലെങ്കിലും ബോഡി ഫിറ്റ്നസ്, യോഗ തുടങ്ങിയവയിൽ വനിതകൾക്ക് പരിശീലനം നൽകിയിരുന്നു.
കഴിഞ്ഞ വർഷം കൊച്ചിയിലെ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലും ഗോവയിൽ നടന്ന നാഷണൽ മീറ്റിലും കാഴ്ചവച്ച മികച്ച പ്രകടനമാണ് ലോക മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്. പൈസക്കരി ചതുരംപുഴയിലെ മുന്തിരിങ്ങാട്ടുകുന്നേൽ സണ്ണി-ആലീസ് ദമ്പതികളുടെ മകളാണ് സ്നോളി. പിറവം രാമമംഗലം പുത്തൻമണ്ണത്ത് ലിറ്റോയാണ് ഭർത്താവ്. നദാലിയ, ഏലിയാസ്, ചാക്കോ എന്നിവർ മക്കളാണ്.