ഉന്നതവിജയികള്‍ക്ക് ദീപികയുടെ ആദരം
1561986
Saturday, May 24, 2025 1:39 AM IST
കണ്ണൂർ: സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ കുട്ടികളെ മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെയും വിദേശ വിദ്യാഭ്യാസ രംഗത്തെ അതികായരായ സാന്റാമോണിക്ക സ്റ്റഡി എബ്രോഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദരിക്കുന്നു.
ആദരം- 2025 എന്ന പേരിൽ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അഞ്ചു കേന്ദ്രങ്ങളില്‍ വച്ചാണ് പ്രതിഭകളെ ആദരിക്കുന്നത്. 26ന് രാവിലെ 9.30ന് കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിലും 28ന് രാവിലെ 9.30ന് ഇരിട്ടി സെന്റ് ജോസഫ്സ് പാരിഷ് ഹാളിലും 29ന് രാവിലെ 9.30ന് ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലും 30ന് രാവിലെ 9.30ന് ചെറുപുഴ സെന്റ് മേരീസ് പാരിഷ് ഹാളിലും 31ന് രാവിലെ 9.30ന് പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററിലുമാണ് ആദരം- 2025 സംഘടിപ്പിക്കുന്നത്.
100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ചടങ്ങില്‍ ആദരിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗത്ഭരായ അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ആദരവ് നല്‍കും.
എസ്എസ്എല്‍സിക്ക് ഒമ്പതോ അതിലധികമോ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളില്‍ 90 ശതമാനം മാര്‍ക്ക് നേടിയവര്‍, പ്ലസ്ടു കേരള സിലബസില്‍ അഞ്ചോ അതിലധികമോ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവര്‍ എന്നിവരെയാണ് ആദരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന അര്‍ഹരായ വിദ്യാര്‍ഥികളെയാണ് ആദരിക്കുന്നത്. പങ്കെടുക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും രജിസ്റ്റര്‍ ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടും കൊണ്ടുവരണം.
അനുയോജ്യമായ സെന്ററുകള്‍ രജിസ്ട്രേഷന് സമയത്ത് തെരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇതിനോടൊപ്പമുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക.
ആദരം- 2025 കണ്ണൂർ യൂണിറ്റ് തല ഉദ്ഘാടനം 26ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9.30ന് ആരംഭിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.കെ. സാജു ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിക്കും. ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.
28ന് രാവിലെ 9.30ന് ഇരിട്ടി സെന്റ് ജോസഫ്സ് പാരിഷ് ഹാളിലാണ് ഇരിട്ടി മേഖലാതല ആദരം-2025 പരിപാടി. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിക്കും. ഇരിട്ടി മേഖലയിലെ 25 ഓളം വിദ്യാലയങ്ങളിൽ നിന്നായി 400 ഓളം കുട്ടികൾ പങ്കെടുക്കും. 29ന് ചെന്പേരി മേഖലാതല പരിപാടി ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടക്കും. രാവിലെ 9.30ന് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
30ന് രാവിലെ 9.30ന് ചെറുപുഴ സെന്റ് മേരീസ് പാരിഷ് ഹാളിലും 31ന് രാവിലെ 9.30ന് പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററിലുമാണ് ആദരം- 2025 നടക്കുക.
പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററിൽ രാവിലെ 9.30ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് വിശിഷ്ടാതിഥിയായിരിക്കും.