കടവുപുഴ പാലത്തിന് കേന്ദ്രഫണ്ട് കിട്ടും
1580871
Sunday, August 3, 2025 6:07 AM IST
പാലാ: 2021ലെ അതിതീവ്ര മഴയെത്തുടർന്ന് തകർന്നുവീണ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലവും റോഡും നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര ഗോത്രകാര്യമന്ത്രി ജൂവൽ ഓറം ഉറപ്പു നൽകിയതായി ഫ്രാൻസിസ് ജോർജ് എംപി, മാണി സി. കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏക പട്ടികവർഗ പഞ്ചായത്തായ മൂന്നിലവിലെ കടവുപുഴ പാലവും അപ്രോച്ച് റോഡും അടിയന്തരമായി പുനർനിർമിക്കുന്നതു സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതാണ് ഇക്കാര്യം.
യാത്ര ദുഷ്കരം
പാലം തകർന്നതോടെ മലഞ്ചെരിവുകൾ നിറഞ്ഞ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്. ആശുപത്രികൾ, സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്കു ജനങ്ങൾക്ക് പോകാൻ 20 കിലോമീറ്ററിലധികം കൂടുതലായി യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നു ചർച്ചയിൽ ഫ്രാൻസിസ് ജോർജ് മന്ത്രിയെ ധരിപ്പിച്ചു.
പാലം തകർന്നിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും പുനർനിർമിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. പാലം പുനർനിർമാണത്തിനായി മാണി സി. കാപ്പൻ എംഎൽഎ നിരന്തരമായി ശ്രമിച്ചുവരുകയായിരുന്നു.
17.5 കോടി വേണം
പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പാലം പുതുക്കിപ്പണിയാൻ 2.5 കോടിയും മേച്ചാലിലേക്കുള്ള 7.5 കിലോമീറ്റർ റോഡ് നിർമാണത്തിന് 15 കോടിയും ഉൾപ്പെടെ 17.5 കോടി രൂപ അനുവദിക്കണമെന്നാണ് ചർച്ചയിൽ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടത്.
പട്ടികവർഗ വിഭാഗത്തിനുള്ള പ്രത്യേക സ്കീമിൽനിന്നു തുക അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഫ്രാൻസിസ് ജോർജ് എംപിയും മാണി സി. കാപ്പൻ എംഎൽഎയും പറഞ്ഞു.