വനംമന്ത്രി രാജിവയ്ക്കണമെന്ന്
1581045
Sunday, August 3, 2025 11:44 PM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിൽ നിത്യേന ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനംമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് മുണ്ടക്കയം മുപ്പത്തഞ്ചാംമൈലിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ മതമ്പയിൽ രണ്ട് തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം തൊട്ടടുത്ത പഞ്ചായത്തായ പീരുമേട്ടിലും ഒരു ആദിവാസി സ്ത്രീയെ കാട്ടാന ചവുട്ടി കൊലപ്പെടുത്തി. ഇത്തരം സംഭവങ്ങളുണ്ടായിട്ടും വകുപ്പ് മേലധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും വനം മന്ത്രിയുടെ നിഷ്ക്രിയത്വം ജനജീവിതത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ധർണയിൽ ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ടി.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, മണ്ഡലം പ്രസിഡന്റ് കെ.ഡി. അനീഷ്, ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.