ഏറ്റുമാനൂരിലെ വികസനപദ്ധതികൾക്ക് കിഫ്ബിയുടെ അനുമതി
1580937
Sunday, August 3, 2025 6:51 AM IST
ഏറ്റുമാനൂര്‍: ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്കി. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ 122.59 കോടി രൂപ അടക്കമുള്ള വികസന പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഏറ്റുമാനൂര്‍ റിംഗ് റോഡിന്റെ ആദ്യഘട്ടം ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. കോട്ടയം-ഇല്ലിക്കല്‍-കുമരകം റോഡ് വീതികൂട്ടി ആധുനീകരിക്കും.
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാനോ ടെക്നോളജി ആന്‍ഡ് നാനോ സയന്‍സിന്റെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനു 61.55 കോടി രൂപയും ആധുനിക ഗവേഷണ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 26.07 കോടി രൂപയും അന്തര്‍ദേശീയ നിലവാരത്തിലുള്ള ഹോസ്റ്റലിനായി 34.97 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതികളെല്ലാം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.