മഴ മാറിയിട്ടും വെള്ളക്കെട്ട്; മുണ്ടാറില്‍ 30 കുടുംബങ്ങള്‍ ദുരിതത്തില്‍
1580941
Sunday, August 3, 2025 6:51 AM IST
പാടശേഖരങ്ങളില്‍ പമ്പിംഗ് നടത്താത്തത് വിനയായി
കടുത്തുരുത്തി: മഴ മാറിയിട്ടും കല്ലുപുര- വാക്കേത്തറ റോഡിലെ കല്ലുപുരപ്പാലം- മുണ്ടാര്‍ 110 പാലം വരെയുള്ള ഭാഗത്തും സമീപത്തെ 30 വീടുകളിലും വെള്ളക്കെട്ട്. പല കുടുംബങ്ങളും വാടക വീടുകളിലേക്കു താമസം മാറ്റി. കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മുണ്ടാറിന്റെ നടുവിലൂടെ പോകുന്ന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡിലാണ് വെള്ളക്കെട്ട്. ആറു കിലോമീറ്റര്‍ വരുന്ന റോഡിലെ ഒന്നര കിലോമീറ്റര്‍ ഭാഗമാണ് രണ്ടടിയോളം ഉയരത്തില്‍ വെള്ളം കയറി കിടക്കുന്നത്.
110 പാലം മുതല്‍ -നെറ്റിത്തറ റോഡിലും ഈ ഭാഗത്തുള്ള വീടുകളിലും വെള്ളമാണ്. പാടശേഖരത്തിനു സമീപമാണിത്. നെറ്റിത്തറ അങ്കണവാടിയും ജീവനക്കാർ വരുന്നുണ്ടെങ്കിലും ആഴ്ചകളായി പ്രവർത്തിക്കുന്നില്ല. ചെറുവാഹനങ്ങളൊന്നും പടിഞ്ഞാറന്‍ മുണ്ടാറിലേക്കു പോകുന്നില്ല.
വിദ്യാർഥികളും കാല്‍നടയാത്രികരും വെള്ളത്തിലൂടെ നീന്തിയാണ് യാത്ര. കഴിഞ്ഞ രണ്ട് മാസമായി ഇതാണ് ഇതാണ് സ്ഥിതിയെന്നു നാട്ടുകാരനായ പ്രകാശന് മരുത്താംതറയില് പറയുന്നു.
13 പാടശേഖരങ്ങൾ
കല്ലുപുര-വാക്കേത്തറ റോഡില്‍ കല്ലുപുര പാലം മുതല്‍ മുണ്ടാര്‍ 110 പാലം വരെ റോഡിന് ഇരുവശങ്ങളിലുമായി 13 പാടശേഖരങ്ങളാണുള്ളത്. പാടത്ത് വെള്ളം നിറയുന്നതോടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ഇവിടുത്തെ വീടുകളും റോഡുകളുമെല്ലാം വെള്ളത്തിലാകും. ഇതില്‍ 510 ഏക്ക വരുന്ന എട്ട് പാടശേഖരത്താണ് കൃഷിയുള്ളത്.
ബാക്കി അഞ്ചിലും വര്‍ഷങ്ങളായി കൃഷിയില്ല. വിരിപ്പ് (വര്‍ഷ) കൃഷിയ്ക്കായി പാടശേഖരങ്ങളില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനായി പമ്പിംഗ് ലേലവും നടന്നു. മഴ മൂലം പമ്പിംഗ് വൈകി. എന്നാൽ, മഴ മാറിയിട്ടും പന്പിംഗ് നടത്താൻ കരാറുകാർ തയാറായിട്ടില്ല.
പന്പിംഗ് നടത്തുന്നില്ല
പാടശേഖരങ്ങളില്‍ യഥാസമയം പമ്പിംഗ് നടത്താത്തതാണ് വെള്ളക്കെട്ടിനു കാരണം. ജില്ലാ കളക്ടര്‍ക്കും പുഞ്ച സ്പെഷല്‍ ഓഫീസര്‍ക്കും പരാതി നല്കി. പക്ഷേ, ഇതുവരെ നടപടിയായിട്ടില്ല. അമ്മ വയ്യാതെ കിടപ്പിലായതിനാലാണ് ഞാനും കുടുംബവും ഇവിടെനിന്നു താമസം മാറാത്തത്.
- പ്രകാശന് മരുത്താംതറയില്
ആകെ പ്രതിസന്ധി
മേയ് അവസാനം മുതല്‍ ഇവിടെ വെള്ളക്കെട്ടാണ്. മുമ്പ് പരമാവധി 10 ദിവസത്തില്‍ കൂടുതല്‍ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. ആകെ പ്രതിസന്ധിയിലാണ് ജനജീവിതം. പമ്പിംഗ് നടത്തിയാല്‍ വീടുകളില്‍നിന്നും റോഡുകളില്‍നിന്നും വെള്ളം ഇറങ്ങിയേനെ.
- പി.എസ്. രാജേഷ് പുത്തന്‍പറമ്പില്‍
പരിഹാരമുണ്ട്
മുണ്ടാര്‍ 110 പാടശേഖരത്തിന്റെ വടക്കേയറ്റം മുതല്‍ പോത്തന്‍മാലി പാടശേഖരത്തിന്റെ വടക്കേയറ്റം വരെയുള്ള പഞ്ചായത്ത് റോഡിലെ 500 മീറ്ററും 110 പാടശേഖരത്തിന്റെ വടക്കേ പുറംബണ്ട് 500 മീറ്റര്‍ ഭാഗവും രണ്ട് മീറ്റര്‍ മണ്ണിട്ട് ഉയര്‍ത്തിയാല്‍ പാടശേഖരത്തിലേക്കു പുറംതോട് കവിഞ്ഞ് വെള്ളം കയറുന്നത് അവസാനിക്കും. 13 പാടശേഖരങ്ങളുടെ തെക്കേയറ്റത്ത് അകത്താംതറ പാലം മുതല്‍ മുതിരക്കാല മോട്ടോര്‍തറ വരെ മുക്കാല്‍ കിലോമീറ്റര്‍ ദൂരവും മണ്ണിട്ട് ഉയര്‍ത്തണം.
- പി. അജി