നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്
1581276
Monday, August 4, 2025 7:16 AM IST
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മൂന്നു പേർക്ക് ഗുരുതര പരിക്ക്. തകർന്ന കാറിൽനിന്നു യാത്രക്കാരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അരയൻകാവ് തുണ്ടുപറമ്പിൽ മാണി ജോസഫ് (27), തുണ്ടുപറമ്പിൽ ആമോസ് തങ്കച്ചൻ (27), അരയൻകാവ് എറണായിൽ അഭിജിത്ത് സുകുമാരൻ (27) എന്നിവരെ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച രാത്രി 12.30 ഓടെ കാഞ്ഞിരമറ്റം -തലപ്പാറ റോഡിൽ വടകര ജംഗ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം. അരയൻകാവിൽനിന്നു തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്നതിനിടെ കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലും സ്വകാര്യവ്യക്തിയുടെ മതിലിലും ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ ഉൾപ്പടെ വേർപെട്ടുപോയി. ഡോർ തുറക്കാൻ കഴിയാത്തവിധം തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പോളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്വകാര്യവ്യക്തിയുടെ മതിൽ തകർന്നുവീണു.
വടകര തടത്തിൽ ബിനുവിന്റെ വീട്ടുമുറ്റത്ത് കിടന്ന പുതിയ കാറിന്റെ ഒരു വശം പൂർണമായി തകർന്നു.