കളക്ടറേറ്റിലെ നവീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ഇന്ന്
1581262
Monday, August 4, 2025 7:04 AM IST
കോട്ടയം: വിവിധ വര്‍ണങ്ങളില്‍ പാറിപ്പറക്കുന്ന പൂമ്പാറ്റകളെ അടുത്തു കാണാം. പ്രകൃതിയെ അടുത്തറിയാം. നഗരമധ്യത്തില്‍ കളക്ടറേറ്റ് വളപ്പിലെ നവീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. കേരളത്തില്‍ നഗരമധ്യത്തില്‍ ആദ്യത്തേതും ഭരണസിരാകേന്ദ്രത്തില്‍ കോട്ടയത്ത് മാത്രമുള്ളതുമാണ് കളക്ടറേറ്റ് വളപ്പിലെ ശലഭോദ്യാനം.
2006-ല്‍ പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ്, അന്നത്തെ കളക്ടര്‍ വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് കളക്ടറേറ്റ് വളപ്പില്‍ ശലഭോദ്യാനം നിര്‍മിച്ചത്. വാഹനങ്ങളും ജനത്തിരക്കുമുള്ള ഒരിടത്ത്, ആതിഥേയ ചെടികളും തേന്ചെടികളും ഒരുക്കിയപ്പോള്‍ ശലഭങ്ങളെത്തുമോ എന്ന് ആശങ്കപ്പെട്ടിരുന്നുവെങ്കിലും ഏവരേയും അത്ഭുതപ്പെടുത്തി നാല്പതോളം ഇനം ശലഭങ്ങളെ ഇവിടെ കണ്ടുവരുന്നു.
തുടക്കത്തില്‍ 18 ഇനം നാടന്‍ ചെടികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ മുപ്പതോളം ചെടികളുണ്ട്. ചിത്രശലഭങ്ങളെയും വിവിധയിനം സസ്യങ്ങളെയും പരിചയപ്പെടുത്തുന്ന ബോര്‍ഡുകളും ശലഭോദ്യാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ പഠനകേന്ദ്രം കൂടിയായ ശലഭോദ്യാനം സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ച മാത്രമല്ല, പ്രകൃതിയിലേക്കുള്ള അറിവിന്റെ ജാലകം കൂടിയാണു പകര്‍ന്നു തരുന്നതെന്ന് ശലഭോദ്യാനം നിര്‍മാണത്തിനു നേതൃത്വം നല്കിയ ടൈസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത് പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ വിവിധ ഇടങ്ങളിലായി ഇരുപതിലധികം ചിത്രശലഭോദ്യാനങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ള ടൈസ് ആദ്യമായി നിര്‍മിച്ച ശലഭോദ്യാനമാണിത്. നഗരത്തിലെ സ്കൂളുകളുടെ പങ്കാളിത്തത്തോടെ ടൈസ് തന്നെയാണ് നവീകരണം നടത്തിയതും തുടര്‍പരിപാലനം നടത്തുന്നതും. നവീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് നടക്കും.