ഖാദി ഓണം മേളയ്ക്കു തുടക്കമായി
1581263
Monday, August 4, 2025 7:04 AM IST
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ ആദ്യവില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും ഖാദി ഉത്പന്നങ്ങളുടെ ആദ്യവിൽപ്പന നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനും നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, സാജന് തൊടുക, പ്രോജക്ട് ഓഫീസര്‍ ജെസി ജോണ്‍,സംഘടനാ പ്രതിനിധികളായ സതീഷ് ജോര്‍ജ്, വിമല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ നാലുവരെയാണ് മേള നടക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളകളില്‍ ജില്ലയിലെ തനതായ ഉത്പന്നങ്ങള്‍ക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഖാദി തുണിത്തരങ്ങളുമുണ്ട്.
കോട്ടയം സിഎസ്ഐ കോംപ്ലക്സ്, ചങ്ങനാശേരി റവന്യു ടവര്‍, ഏറ്റുമാനൂര്‍ ഏദന്‍സ് ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം എസ്ബിഐ ബില്‍ഡിംഗ്, ഉദയനാപുരം വില്ലേജ് ഓഫീസിനു സമീപം, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് ഓണം ഖാദി മേള നടക്കുന്നത്.