കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാനാവാതെ തേക്കുമരങ്ങൾ
1581035
Sunday, August 3, 2025 10:48 PM IST
കോട്ടയം: ജില്ലയില്‍ കഴിഞ്ഞദിവസങ്ങളിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കടപുഴകിയതേറെയും തേക്കുമരങ്ങൾ. പ്ലാവ്, മാവ്, റബര്‍ എന്നിവയെ തെല്ലും തൊടാതെ നൂറു കണക്കിന് കൂറ്റന്‍ തേക്കുമരങ്ങളാണ് നിലംപൊത്തിയത്. ചിലയിടങ്ങളില്‍ തേക്ക് നടുവെ കീറി ഒടിയുകയും ചെയ്യുന്നു. നിലംപൊത്തിയ തേക്കുകള്‍ പിടിയാവിലയ്ക്ക് വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു.
തേക്കുകള്‍ മാത്രം വീഴുകയോ ഒടിയുകയോ ചെയ്യുന്നതില്‍ പല കാരണങ്ങളാണ് പീച്ചി വനഗവേഷണകേന്ദ്രത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നു മാസമായി പെയ്യുന്ന പെരുമഴയില്‍ മണ്ണ് നന്നായി കുതിര്‍ന്നതും തേക്കുമരങ്ങളില്‍ ഇലഭാരം കൂടിയതും പ്രധാന കാരണമായതായി ഗവേഷണകേന്ദ്രത്തിലെ ഡോ. പി. സുജനപാല്‍ പറഞ്ഞു. ചുഴലിക്കാറ്റില്‍ മരത്തിന്റെ ഭാരം താങ്ങാന്‍ മണ്ണിനാകുന്നില്ല. ജില്ലയിടുനീളം തേക്കുകള്‍ വേരോടെ പിഴുതു മറിയുകയായിരുന്നു.
ഉറവച്ചാലുകളിലും തോട്, പുഴ എന്നിവയ്ക്കുസമീപവും നില്ക്കുന്നവയും അപകടഭീഷണിയിലാണ്. പഴയ കാലത്തുണ്ടായിരുന്ന കല്ലന് തേക്കുകളെക്കാള് പുഴുശല്യം പുതിയ ഇനങ്ങളില്‍ പതിവാണ്. പുഴു കുത്തിയ ഭാഗം ചീകി ബോര്‍ഡോ മിശ്രിതം തേയ്ക്കണം. വേഗം വളരുന്ന ഇനം തേക്കിന് കമ്പുകളും തൈകളും നടുമ്പോള്‍ വേണ്ടത്ര വേരിന് ആഴമുണ്ടാവില്ല. ഇവയ്ക്ക് വേരുകെട്ടല്ലാതെ തായ്വേര് ഉണ്ടാകുകയില്ല. മൂന്നു വര്‍ഷം വരെ പുഴു തായ്ത്തടി കുത്തി മരം കേടുവന്നു ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. പുഴു കുത്തിയ തേക്ക് വട്ടം ഒടിയുക സ്വാഭാവികം.
ചാണകത്തിനും ജൈവവളത്തിനും പകരം രാസവളപ്രയോഗം നടത്തി തോട്ടമായി തേക്ക് വളര്‍ത്തുന്നവരുണ്ട്. വീട്, തൊഴുത്ത് എന്നിവയോടു ചേര്‍ന്ന കുപ്പവളത്തില് തേക്കുകള്‍ക്ക് അതിവേഗ വളര്‍ച്ചയുണ്ടാകും. മഴക്കാലത്തിനു മുന്‍പ് ശിഖരങ്ങള്‍ കോതി ഭാരം കുറച്ചാല്‍ കാറ്റിനെ പ്രതിരോധിക്കാം.