കൈവരിയില്ലാത്ത കലുങ്ക് അപകടഭീഷണിയാകുന്നു
1581272
Monday, August 4, 2025 7:16 AM IST
ഉദയനാപുരം: കൈവരിയില്ലാത്ത കലുങ്കുപാലം അപകടഭീഷണിയാകുന്നു. ഉദയനാപുരം ഓർശ്ലേം പള്ളിക്ക് സമീപത്തെ കലുങ്ക് പാലമാണ് കൈവരിയില്ലാത്തതിനാൽ അപകടക്കെണിയാകുന്നത്.
നേരേകടവ്, കരിയിൽ, മാടവന, വല്യാറ ഭാഗങ്ങളിലുള്ളവർ ഓർശ്ലേം പള്ളി, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആയുർവേദ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, കോവിലകത്തുംകടവ് മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണിത്.
വാഹനമിടിച്ച് കൈവരി തകർന്ന പാലത്തിലൂടെ സ്കൂൾ വാഹനങ്ങളടക്കം കടന്നുപോകുന്നുണ്ട്. ആഴമേറിയ തോടിനു കുറുകെയാണ് പാലം. രാത്രികാലങ്ങളിൽ വാഹന യാത്രികർ അപകടപ്പെടാൻ സാധ്യതയേറെയാണ്.
പാലത്തിന്റെ കൈവരി പുനർനിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.