രാജേന്ദ്ര മൈതാനത്ത് സ്റ്റേജ് ഉദ്ഘാടനം
1580873
Sunday, August 3, 2025 6:07 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് ആറുലക്ഷം രൂപ മുടക്കി നിർമിച്ച സ്റ്റേജ് ഇന്നു നാലിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.
രാജേന്ദ്ര മൈതാനത്തെ ചരിത്രപ്രസിദ്ധമായ കിണറിന്റെ സംരക്ഷണം ഉറപ്പാക്കിയാണ് സ്റ്റേജിന്റെ നിർമാണം. പൊതുയോഗങ്ങളും മറ്റു പരിപാടികളും കുറഞ്ഞ ചെലവിൽ നടത്താൻ പുതിയ സംവിധാനത്തിലൂടെ സൗകര്യം ഒരുക്കും.
യോഗത്തിൽ ചിറക്കടവ് പഞ്ചായത്തിന്റെ ജലബജറ്റ് മന്ത്രി പ്രകാശനം ചെയ്യും. ചിറക്കടവിന്റെ അഭിമാനമായി മാറിയ കുട്ടികൾ, റസലിംഗിൽ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ ആർച്ച അനീഷ്, അമേരിക്കയിൽ നടന്ന വേൾഡ് പോലീസ് കോമ്പറ്റീഷനിൽ ഗോൾഡ് മെഡൽ നേടിയ വിനീത് ശശീന്ദ്രൻ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ എംജി യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനുഷ്ക ഷൈൻ എന്നിവർക്ക് ചിറക്കടവ് പഞ്ചായത്ത് നൽകുന്ന ആദരവ് മന്ത്രി സമർപ്പിക്കും.