ചങ്ങനാശേരി ഡിപ്പോയുടെ വേളാങ്കണ്ണി സര്‍വീസില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണം
1581278
Monday, August 4, 2025 7:16 AM IST
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും സര്‍വീസ് നടത്തുന്ന വേളാങ്കണ്ണി ഇന്റര്‍സ്റ്റേറ്റ് സര്‍വീസില്‍ സ്ഥിരം ജീവനക്കാരെ നിയോഗിച്ചാല്‍ സര്‍വീസ് നിലനിര്‍ത്താനും വരുമാനം മെച്ചപ്പെടുത്താനും ആകുമെന്ന് വിലയിരുത്തല്‍. നിലവില്‍ ചങ്ങനാശേരിയില്‍നിന്നു സ്വിഫ്റ്റ് കോര്പറേഷന് ഓപ്പറേറ്റ് ചെയ്യുന്ന വേളാങ്കണ്ണി ബസിന് 10 ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരില്‍ പലരും ജോലയ്ക്ക് കൃത്യമായി ഹാജരാകാത്തതു മൂലം കെഎസ്ആര്‍ടിസിയുടെ ഷെഡ്യുള്‍ ഓപ്പറേറ്റ് ചെയ്യേണ്ട മറ്റു ഡ്രൈവര്‍മാരെയോ അല്ലെങ്കില്‍ ഡിസിമാരായ ജീവനക്കാരെയോ ആണ് സര്‍വീസ് നടത്താന്‍ മിക്ക ദിവസങ്ങളിലും നിയോഗിക്കുന്നത്.
ഇതുമൂലം ഡ്രൈവര്‍മാരില്ലാതെ ഡിപ്പോയിലെ മറ്റു പ്രധാനപ്പെട്ട പല ഷെഡ്യൂളുകളും സ്ഥിരമായി മുടങ്ങുന്നു. ഇത് ഡിപ്പോയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പ്രധാന സര്‍വീസ് നിലയ്ക്കാനും കാരണമാകുന്നു.
ഇന്റര്‍സ്റ്റേറ്റ് സര്‍വീസിന് സ്ഥിരം ജീവനക്കാർ; നിബന്ധന അവഗണിക്കുന്നു
സ്ഥിരം ജീവനക്കാരെ മാത്രമേ ഇന്റര്‍സ്റ്റേറ്റ് സര്‍വീസിന് നിയോഗിക്കാവൂവെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ചങ്ങനാശേരി ഡിപ്പോയില്‍ ബദലി ഡ്രൈവര്‍മാരെയും ഡ്രൈവര്‍ കം കണ്ടക്ടര്‍മാരേയും സ്ഥിരമായി ഇന്റര്‍ സ്റ്റേറ്റ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്.
ഇപ്പോള്‍ സ്വിഫ്റ്റ് കോര്പറേഷന് ഓപ്പറേറ്റ് ചെയ്യുന്ന വേളാങ്കണ്ണി സര്‍വീസ് കെഎസ്ആര്‍ടിസി തിരിച്ചെടുത്ത് പഴയ രീതിയില്‍ എക്സ്പ്രസ് ബസായിത്തന്നെ ഓപ്പറേറ്റ് ചെയ്താല്‍ സര്‍വീസിന്റെ സുഗമമായ നടത്തിപ്പിനു ചങ്ങനാശേരി ഡിപ്പോയില്‍നിന്നു രണ്ടു ഡ്രൈവര്‍മാരും പാലക്കാട് ഡിപ്പോയില്‍നിന്നും നാലു ഡ്രൈവര്‍മാരും മാത്രം മതിയാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാലക്കാട് ഡിപ്പോയില്‍നിന്നു ഡ്രൈവര്‍ മാറിക്കയറുന്നത് അപകടം കുറയ്ക്കുന്നതോടൊപ്പം അധികമായി വരുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരെ മറ്റു ഷെഡ്യുള്‍ ഡ്യൂട്ടികള്‍ക്ക് നിയോഗിച്ച് ജീവനക്കാരുടെ കുറവ് പരിഹരിക്കാനാകുമെന്നും ഇതിലൂടെ ഡിപ്പോയുടെയും കോര്‍പറേഷന്റെയും വരുമാനം വര്‍ധിപ്പിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇക്കാര്യം പരീക്ഷണാര്‍ഥമെങ്കിലും പരിശോധിക്കപ്പെടണമെന്ന നിര്‍ദേശം തൊഴിലാളി യൂണിയനുകളുടേയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്.
ചങ്ങനാശേരിയില്‍നിന്നും ഓപ്പറേറ്റ് ചെയ്യുന്ന തിരുനെല്‍വേലി സര്‍വീസിൽ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഡ്യൂട്ടി ചെയ്യുന്നത്. രാവിലെയും വൈകുന്നേരവുമായി സര്‍വീസ് നടത്തിയിരുന്ന രണ്ട് പളനി സര്‍വീസുകള്‍ ആറുമാസംമുമ്പ് നിര്‍ത്തലാക്കിയിരുന്നു.