ആരോഗ്യരംഗത്തെ ചൂഷണം കുറയുന്നത് സഹകരണ സ്ഥാപനങ്ങളുള്ളതിനാൽ: മന്ത്രി വാസവൻ
1581274
Monday, August 4, 2025 7:16 AM IST
വൈക്കം: ആരോഗ്യ പരിപാലനരംഗത്തെ ചൂഷണത്തെ ഒരു പരിധിവരെ ചെറുക്കാൻ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾമൂലം കഴിയുന്നുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്കോ ഡയഗ്നോസ്റ്റിക് സെന്ററിന്റെ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച മെഡിക്കൽ ലാബ് ആൻഡ് ഇമേജിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ സ്ഥാപനങ്ങളിൽ സ്കാനിംഗ്, എക്സ്-റേ, രക്തപരിശോധന തുടങ്ങിയവയ്ക്ക് ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് സഹകരണ സ്ഥാപനങ്ങളിൽ രോഗനിർണയം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ആരോഗ്യത്തെ മുൻനിർത്തി സ്വകാര്യസ്ഥാപനങ്ങൾ വിലപേശാതിരിക്കാൻ സർക്കാർ,സഹകരണ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തി പിൻബലമേകണമെന്ന് കൃഷിമന്ത്രി പി .പ്രസാദ് അഭിപ്രായപ്പെട്ടു. സംഘം പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കിഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.
എംഎൽഎമാരായ സി.കെ. ആശ, മോൻസ് ജോസഫ്, സാഹിത്യസഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ, നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വാർഡ് കൗൺസിലർ ലേഖ ശ്രീകുമാർ,
ജോയിന്റ് രജിസ്ട്രാർ പി.പി. സലിം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.സി. വിനോദ്, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സി.ആർ. മിനി, അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് സി.എസ്. പ്രിയ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.