മൂല്യാധിഷ്ഠിത ഭാവിതലമുറയെ വാർത്തെടുക്കുന്നതാകണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ: മാർ ജോസ് പുളിക്കൽ
1580876
Sunday, August 3, 2025 6:07 AM IST
കാഞ്ഞിരപ്പള്ളി: സമൂഹത്തിനും നാടിനും സംഭാവന നൽകുന്ന മനുഷ്യവ്യക്തികളായി നാടിന്റെ നന്മകളും ഭാവിയുടെ വാഗ്ദാനങ്ങളും കരുണയുടെ വക്താക്കളുമായി മാറാൻ തക്കവിധം നല്ലൊരു മൂല്യാധിഷ്ഠിത ഭാവിതലമുറയെ വാർത്തെടുക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ.
കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ 2024-25 അധ്യയനവർഷത്തെ മെറിറ്റ് ദിനാചരണം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസി, രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറന്പിൽ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് നിസാമോൾ ജോണ്‍, അക്കാദമിക് കൗണ്‍സിൽ സെക്രട്ടറി ഡോ. ഡോമിനിക് സാവിയോ എന്നിവർ പ്രസംഗിച്ചു.
അധ്യയന വർഷം ദേശീയ, സംസ്ഥാന തലങ്ങളിൽ നേട്ടം കൈവരിച്ച അധ്യാപകർക്കും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.