നിര്‍മാണോദ്ഘാടനം നടത്തിയിട്ട് ഒന്നരവര്‍ഷം : എങ്ങുമെത്താതെ നാലുകോടി റെയില്‍വേ മേല്‍പാലം
1581279
Monday, August 4, 2025 7:16 AM IST
ചങ്ങനാശേരി: പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപ്പാസില്‍ നാലുകോടി ലെവല്‍ ക്രോസിന് (ലെവല്‍ ക്രോസ് നമ്പര്‍ 7) പകരം മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറൻസിലൂടെ നിര്‍വഹിച്ചിട്ട് ഒന്നരവര്‍ഷം പിന്നിട്ടിട്ടും നടപടിയാകാതെ ഇഴയുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടുത്ത സര്‍ക്കാര്‍ നിലവില്‍വന്ന് ഒരു വർഷം കഴിഞ്ഞിട്ടും മേല്‍പാലം നിര്‍മാണം സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ല. ഏറെ തിരക്കുള്ള ഈ ബൈപാസിലെ നാലുകോടി ലെവല്‍ക്രോസ് അടയ്ക്കുമ്പോള്‍ വാഹനതടസം യാത്രക്കാര്‍ക്കു ദുരിതമാകുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2024 ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
34.24 കോടി രൂപയാണു നാലുകോടി ലെവല്‍ ക്രോസിനു പകരം നിര്‍മിക്കുന്ന മേല്‍പാല നിര്‍മാണത്തിനു ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പകുതി വീതം ഏറ്റെടുക്കാനായിരുന്നു പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മാണ ഏജന്‍സിയായ കേരള റോഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനു നിര്‍മാണ ചുമതല നല്‍കുകയും ചെയ്തു. പാലം നിര്‍മാണത്തിനായുള്ള സ്ഥലമെടുപ്പ് നടപടികളും എങ്ങുമെത്തിയിട്ടില്ല.
കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നും വരുന്ന യാത്രക്കാര്‍ക്കും പുതുപ്പള്ളി, മണര്‍കാട് ദേവാലയങ്ങളിലേക്കു പോകുന്ന ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്കും കോട്ടയം, ചങ്ങനാശേരി ടൗണുകളിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ എന്‍എച്ച്-183 (എംസി റോഡ്) പെരുന്തുരുത്തിയിലും ഏറ്റുമാനൂരിലും എത്തിച്ചേരാവുന്ന വേഗ ബൈപാസാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പായി രാജ്യത്തൊട്ടാകെ 222 മേല്‍പ്പാലങ്ങളും അടിപ്പാതകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്.