ക്ഷീരസംഗമം
1581277
Monday, August 4, 2025 7:16 AM IST
കടുത്തുരുത്തി: ക്ഷീരവികസന വകുപ്പിന്റെയും മാഞ്ഞൂര്‍ ക്ഷീരവികസന യൂണിറ്റിലെ ക്ഷീരസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരസംഗമം നടത്തി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കളത്തൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ നടന്ന ക്ഷീരസംഗമം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ക്ഷീരവികസന വകുപ്പിന്റെ ആവശ്യാധിഷ്ഠിത ധനസഹായം പദ്ധതി പ്രകാരം നവീകരിച്ച പാല് ഉത്പന്ന വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ക്ഷീരസംഗമത്തില്‍ നടന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ അധ്യക്ഷത വഹിച്ചു.
കന്നുകാലി പ്രദര്‍ശന മത്സരത്തിന്റെ ഉദ്ഘാടനം കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയും മുഖാമുഖം പരിപാടി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്തും ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ ബ്ലോക്ക് തലത്തില്‍ ക്ഷീരമേഖലയില്‍ ത്രിതല പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ നിര്‍വഹിച്ചു.
മികച്ച ക്ഷീരകര്‍ഷകരെ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ എന്നിവര്‍ അവാര്‍ഡ് നല്കി ആദരിച്ചു. ത്രിതല പഞ്ചായത്ത്, മില്‍മ എന്നിവയുടെ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, സഹകാരികള്‍, ക്ഷീരകര്‍ഷകര്‍, ക്ഷീരസംഘം ജീവനക്കാര്‍, സാങ്കേതികവിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.