കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
1581049
Sunday, August 3, 2025 11:44 PM IST
കാഞ്ഞിരപ്പള്ളി: അവനവന്റെ വിശ്വാസം കാപട്യമില്ലാതെ തുറന്നുപറയുകയും അത് ഒരു സംസ്കാരമായി കാണുകയും പ്രവൃത്തിയിലാക്കുകയും ചെയ്യുന്ന വ്യക്തിക്കേ യഥാർഥ മനുഷ്യനാകാൻ സാധിക്കൂവെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാപരമായ അവകാശങ്ങൾ പലതും ലംഘിച്ചുകൊണ്ടാണ് പലരും അറസ്റ്റ് ചെയ്യപ്പെടുകയും വേട്ടയാടപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നത്. കന്യാസ്ത്രീകൾക്കെതിരായി എടുത്തിരിക്കുന്ന കേസ് ഛത്തീസ്ഗഡ് ഗവൺമെന്റും കേന്ദ്രഗവൺമെന്റും ഇടപെട്ട് റദ്ദാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളിയുടെയും ഈ ദേശത്തിന്റെയും വളർച്ചയ്ക്കും പുരോഗതിക്കും പിന്നിൽ ഇവിടെ വസിച്ചുവരുന്ന വിശ്വാസിസമൂഹത്തിന്റെ കരുതലും കാവലും കർമശേഷിയുമുണ്ടെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു.
ക്രൈസ്തവസമൂഹം വര്‍ഗീയമായി ചിന്തിക്കുന്നവരല്ല, ഉന്നതമായ മൂല്യങ്ങളിൽ അടിയുറച്ച് ജീവിക്കുന്നവരാണ്. വർഗീയത ഒരു നിർഭാഗ്യകരമായ അവസ്ഥയാണ്. അതിന്റെ എപ്പിസോഡുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സിസ്റ്റർമാർക്ക് ജാമ്യം കിട്ടിയതുകൊണ്ട് കാര്യമില്ല. അടിസ്ഥാനരഹിതമായി അവർക്കെതിരേ എടുത്തിരിക്കുന്ന കേസുകൾ റദ്ദു ചെയ്യപ്പെടണം. മതസാഹോദര്യത്തിന്റെ മുഖം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടത് ധാർമികതയുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. നാടിനെ വളർത്തുന്ന പുതിയ സംരംഭങ്ങൾ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
ആന്റോ ആന്റണി എംപി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, എസ്എൻഡിപി ഹൈറേഞ്ച് യൂണിയന് സെക്രട്ടറി പി. ജീരാജ്, നൈനാര്‍പള്ളി ചീഫ് ഇമാം ഡോ. അര്‍ഷാദ് മൗലവി, കത്തീഡ്രൽ വികാരി റവ.ഡോ. കുര്യൻ താമരശേരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കത്തീഡ്രല്‍ ടീം അവതരിപ്പിച്ച മഞ്ഞുപെയ്യുന്ന മരുഭൂമി എന്ന സാമൂഹിക സംഗീത നാടകവും അരങ്ങേറി.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉച്ചകഴിഞ്ഞ് നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജോസ് പുളിക്കൽ കാർമികത്വം വഹിച്ചു. ഇടവകയിൽ സേവനമനുഷ്ഠിച്ച വൈദികർ സഹകാർമികരായിരുന്നു.
വിശാല കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന അഞ്ച് ഇടവകകളുടെ സംഗമം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധകുർബാനയ്ക്ക് റവ.ഡോ. മാത്യു പായിക്കാട്ട്, ഫാ. മാത്യു പുതുമന, ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഫാ. ജോസഫ് പൊങ്ങന്താനം, ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും. വൈകുന്നേരം ആറിന് നടക്കുന്ന പൊതുസമ്മേളനം വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും. തുടർന്ന് കുന്നന്താനം പ്രോവിഡൻസ് ഹോമിലെ കുട്ടികളുടെ കലാപരിപാടികളും നടക്കും.