പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ കസേരകൾ ഒഴിഞ്ഞുതന്നെ
1580935
Sunday, August 3, 2025 6:51 AM IST
കുമരകം: കുമരകം പഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫീസിൽ ഓഫീസറും ഇല്ലാതായതോടെ ആഴ്ചകളായി ജനങ്ങൾ വലയുന്നു. പ്രഫഷണൽ വിദ്യാഭ്യാസ പ്രവേശനത്തിന് വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ വിദ്യാർഥികളും വൈദ്യുതി കണക്ഷനായി വേണ്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ കർഷകരും ആഴ്ചകളായി കാത്തിരിക്കുകയാണ്.
വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും മറ്റും ലഭിക്കാൻ വരുന്ന കാലതാമസം വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
വർഷങ്ങളായി കുമരകത്ത് സേവനമനുഷ്ഠിച്ചിരുന്ന വില്ലേജ് ഓഫീസർ ഡെപ്യൂട്ടി തഹസിൽദാറായി പ്രമോഷൻ ലഭിച്ചു പോയതാണ് പ്രതിസന്ധിക്കു കാരണം.
സമീപത്തെ വില്ലേജ് ഓഫീസർക്കു പകരം ചുമതല നൽകിയിട്ടുണ്ടെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രമാണ് എത്തുക.