പാലാ സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ തുറക്കാത്ത ശുചിമുറികള്‍: മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
1581036
Sunday, August 3, 2025 11:44 PM IST
പാലാ: നഗരസഭയില്‍ സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ നിര്‍മിച്ച ശുചീകരണമുറികള് അടഞ്ഞുകിടക്കുന്നതു സംബന്ധിച്ച പൗരസമിതിയുടെ പരാതിയില്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
റവന്യു വകുപ്പിന്റെയും നഗരസഭയുടെയും അനാസ്ഥയാണ് ശുചിമുറിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പൗരസമിതിയുടെ പരാതിയില്‍ പറയുന്നു. അഞ്ചു ലക്ഷം രൂപ ചെലവാക്കി പാലാ നഗരസഭ നിര്‍മിച്ച സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ശുചിമുറികള്‍ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം 2019ല്‍ അഞ്ചു ലക്ഷം രൂപ ശുചിത്വ മിഷന് ഫണ്ടില്‍നിന്ന് അനുവദിച്ച് നിര്‍മിച്ചതാണ് അഞ്ചു മുറികളുള്ള കംഫര്‍ട്ട് സ്റ്റേഷന്.
നഗരസഭ നിര്‍മിച്ചു നല്കിയ ശൗചാലയങ്ങളിലേക്ക് ആവശ്യമായ വെള്ളം നല്‍കാനോ വൈദ്യുതി നല്‍കാനോ വൃത്തിയായി സൂക്ഷിക്കുന്നതിന് ആളെ നിയമിക്കാനോ റവന്യു വകുപ്പ് തയാറായില്ല. അതേസമയം സിവില്‍ സ്റ്റേഷന്റെ കോമ്പൗണ്ടിലുള്ള ശൗചാലയത്തിലേക്ക് മുനിസിപ്പാലിറ്റിയുടെ പേരില്‍ വെള്ളം നല്കാന് ജലവകുപ്പും തയാറായില്ല. ഇതിനിടെ സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമായി. ശുചിമുറികളിലെ പോസിഡുകളും കതകുകളും തകര്‍ത്ത നിലയിലാണ്. ഇതിനെതിരേ പൗരസമിതി നിരന്തരം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 2023-24 ല്‍ ശുചിമുറികളുടെ അറ്റപ്പണികള്‍ക്കായി നഗരസഭ ആറു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതില്‍ 1.62 ലക്ഷം രൂപ സിവില്‍ സ്റ്റേഷന് പരിസരത്തെ കംഫർട്ട് സ്റ്റേഷന് നീക്കിവച്ചിരുന്നു. സാങ്കേതികാനുമതിക്ക് കാത്തിരിക്കുകയാണെന്ന് കമ്മീഷന് നഗരസഭ മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പ്രവൃത്തികളൊന്നും നടക്കാത്തതിനാലാണ് പൗരസമിതി വീണ്ടും കമ്മീഷനെ സമീപിച്ചത്. നഗരസഭ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഒരു മാസത്തിനകം കമ്മീഷന് മുമ്പാകെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്.