അനധികൃത മദ്യക്കച്ചവടം: യുവാവ് പിടിയിൽ
1581266
Monday, August 4, 2025 7:05 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ രോഗീപരിചരണത്തിനു വരുന്നവർക്ക് വിളിപ്പുറത്ത് ബൈക്കിൽ മദ്യമെത്തിച്ച് നൽകുന്ന മൊബൈൽ മദ്യവില്പനക്കാരൻ പിടിയിൽ. മുടിയൂർക്കര സ്വദേശി രവിശങ്കറി (35 )നെയാണ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജ് ബി.യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ മുന്നോടിയായാണ് എക്സൈസ് നടപടി. ഇയാൾക്കെതിരേ നിരവധി പരാതികൾ ഇതോടകം ഉയർന്നിരുന്നു. കഴിഞ്ഞ ഡ്രൈ ഡേ ദിനം രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാൻ ഇയാൾ കറങ്ങി നടക്കുന്നതിനിടെ എക്സൈസ് പിന്തുടരുകയായിരുന്നു.
അമ്മഞ്ചേരി കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള ഇയാളുടെ വീട്ടിൽനിന്നും സ്കൂട്ടറിൽ മദ്യവുമായെത്തി ഒരാൾക്ക് മദ്യം കൈമാറുമ്പോഴാണ് ഇയാൾ പിടിയിലായത്. നാലു ലിറ്റർ മദ്യവും ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
മദ്യം വിറ്റ വകയിൽ കണ്ടെടുത്ത 1,200 രൂപയും കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റെയ്ഡിൽ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. കണ്ണൻ,
പ്രിവന്റീവ് ഓഫീസർ ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ വി. വിനോദ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.ജി. അമ്പിളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.