കാടുമൂടിയ റബർത്തോട്ടങ്ങൾ കീഴടക്കി കാട്ടാനക്കൂട്ടം
1581043
Sunday, August 3, 2025 11:44 PM IST
മുണ്ടക്കയം: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു ജീവനുകൾ നഷ്ടമായ പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ കാടുമൂടിയ റബർത്തോട്ടങ്ങൾ വന്യജീവകളുടെ വിഹാരകേന്ദ്രമായി മാറുന്നു.
ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ റബർമരങ്ങൾ വെട്ടിമാറ്റിയ നൂറുക്കണക്കിന് ഏക്കർ സ്ഥലമാണ് കാടുമൂടി വെറുതേ കിടക്കുന്നത്. ഈ പ്രദേശങ്ങളിൽ ശബരിമലവനത്തിൽനിന്നു വന്യജീവികൾ കൂട്ടമായെത്തി തമ്പടിക്കുകയാണ്. എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി പുലി, കടുവ, കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങൻ അടക്കമുള്ള വന്യജീവികൾ വിഹരിക്കുകയാണ്.
കഴിഞ്ഞ വർഷം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് നടത്തിയ ചർച്ചയിൽ എസ്റ്റേറ്റിലെ കാടുമൂടിയ പ്രദേശങ്ങൾ വെട്ടിത്തെളിക്കണമെന്ന് എസ്റ്റേറ്റ് മാനേജ്മെന്റിന് നിർദേശം നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. പുതിയതായി റബർ വെട്ടിമാറ്റിയ ഭാഗത്ത് കൈത കൃഷി നടത്തുന്നുണ്ടെങ്കിലും വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കാടുമൂടിയ നിലയിലാണ്. ഇവിടെയാണ് വന്യമൃഗങ്ങൾ തമ്പടിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചെന്നാപ്പാറയിൽ എസ്റ്റേറ്റിനോട് ചേർന്ന് താമസിച്ചിരുന്ന സോഫിയ എന്ന വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നിരുന്നു. കഴിഞ്ഞ ദിവസം മതമ്പ കൊണ്ടോടിയിൽ റബർ ടാപ്പിംഗ് തൊഴിലാളിയായ പുരുഷോത്തമനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ആന പുരുഷോത്തമനെ ആക്രമിച്ച ശേഷം ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ കാടുമൂടിയ മേഖലയിലേക്കാണ് ഓടിപ്പോയതെന്ന് മകൻ രാഹുൽ പറഞ്ഞിരുന്നു.
എസ്റ്റേറ്റിലെ തൊഴിലാളികളെയും പ്രദേശത്തെ കുടുംബങ്ങളെയും ദുരിതത്തിലാക്കുന്ന വന്യമൃഗശല്യത്തിന് പ്രധാന കാരണമായ തോട്ടം മേഖലയിലെ കാടുകൾ വെട്ടിമാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാവുകയാണ്.