എരുമേലിയില് മേൽപ്പാലം ഒഴിവാക്കി മാസ്റ്റർ പ്ലാൻ നടപ്പാക്കാമെന്ന് എംഎൽഎ
1581040
Sunday, August 3, 2025 11:44 PM IST
എരുമേലി: എതിർപ്പിനെത്തുടർന്ന് എരുമേലി ടൗണിൽ മസ്ജിദിനും ക്ഷേത്രത്തിനും ഇടയിലായുള്ള മേൽപ്പാലം നിർമാണം ഉപേക്ഷിക്കുകയാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. മേൽപ്പാലം ഒഴികെ എരുമേലി മാസ്റ്റർ പ്ലാനിലെ മറ്റ് പദ്ധതികൾ നടപ്പിലാക്കുമെന്ന് എംഎൽഎ അറിയിച്ചു. എരുമേലി പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2023ലെ സംസ്ഥാന ബജറ്റിലാണ് പത്തു കോടി അനുവദിച്ച് എരുമേലിക്ക് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. ഇതു നടപ്പിലാക്കാനുള്ള ചുമതല ദേവസ്വം ബോർഡിനാണ് കൈമാറിയത്. എന്നാൽ കൺസൾട്ടിംഗ് ഏജൻസിയെ തെരഞ്ഞെടുക്കാൻ ബോർഡ് താത്പര്യപത്രം പുറപ്പെടുവിച്ചെങ്കിലും ഏജൻസിയെ ലഭിക്കാൻ കാലതാമസം നേരിട്ടു. തുടർന്ന് രണ്ടു വർഷം പിന്നിട്ട് കഴിഞ്ഞയിടെയാണ് ഏജൻസി എരുമേലിയിലെത്തി പദ്ധതികൾക്ക് പ്ലാനും രൂപരേഖയും തയാറാക്കിയത്. ഇതേത്തുടർന്ന് പ്ലാൻ പ്രകാശനം ചെയ്ത് പദ്ധതികളുടെ വിശദവിവരം പ്രഖ്യാപിച്ചിരുന്നെന്ന് എംഎൽഎ പറഞ്ഞു. തുടർന്നാണ് പ്ലാനിലെ മേൽപ്പാലം പദ്ധതിയോട് ഹൈന്ദവ സംഘടനകൾ വിയോജിപ്പ് അറിയിച്ചത്.
മേൽപ്പാലം വന്നാൽ എരുമേലി പേട്ടക്കവലയിൽ ശബരിമല സീസണിൽ വാഹന ഗതാഗതം സ്തംഭിക്കാതെ അയ്യപ്പഭക്തർക്ക് ക്ഷേത്രത്തിലും മുസ്ലിം പള്ളിയിലും റോഡ് മുറിച്ച് പ്രവേശിക്കാനും ഇറങ്ങാനും സാധിക്കും. എന്നാൽ വിശുദ്ധപാതയായി പേട്ടതുള്ളൽ പാതയെ പ്രഖ്യാപിച്ച ഭാഗത്ത് ഗതാഗതം ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് ഹൈന്ദവ സംഘടനകളുടെ അഭിപ്രായമെന്ന് എംഎൽഎ പറഞ്ഞു. ഇത് മുൻനിർത്തി മേൽപ്പാലം നിർമാണം മാസ്റ്റർ പ്ലാനിൽനിന്ന് നീക്കം ചെയുകയാണെന്ന് യോഗത്തിൽ എംഎൽഎ അറിയിച്ചു.