വട്ടക്കാട് - ഇരവീശ്വരം പാടശേഖരം റോഡിലെ പുതിയ പാലം തുറന്നു
1581264
Monday, August 4, 2025 7:05 AM IST
അയ്മനം: അയ്മനം പഞ്ചായത്ത് അഞ്ചാം വാർഡിൽ വട്ടക്കാട് -ഇരവീശ്വരം പാടശേഖരം റോഡിൽ മോട്ടോർ തറയ്ക്ക് സമീപം തോടിനു കുറുകെ ഇരവീശ്വരം പാടശേഖരത്തേക്കുള്ള പുതിയ പാലം പണി പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നു കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് നാടമുറിച്ച് പാലം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിജു മാന്താറ്റിൽ അധ്യക്ഷത വഹിച്ചു.
തടിയും പലകക്കഷണങ്ങളും ഉപയോഗിച്ച് താത്കാലികമായി നിർമിച്ച നിലവിലെ നടപ്പാലം അപകടാവസ്ഥയി ലായിരുന്നു. കാറുകളുൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വീതിയിൽ ഇരുകരകളിലെയും കൽക്കെട്ടുകൾ കോൺക്രീറ്റ് ഭിത്തികൊണ്ട് ബലപ്പെടുത്തി ഫാബ്രിക്കേറ്റ് ചെയ്ത ഇരുമ്പ് പാലമാണ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ചത്.
തോടിന്റെ മറുകരയിൽ വെള്ളപ്പൊക്ക ഭീഷണിയിൽ ഒറ്റപ്പെട്ട രീതിയിൽ താമസിച്ചു വന്നിരുന്ന കുടുംബങ്ങൾ ഇവിടെ പാലമില്ലാതിരുന്നതുകൊണ്ട് വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ പാലം യാഥാർഥ്യമായത് ഇവിടെയുള്ള കുടുംബങ്ങൾക്ക് ആശ്വാസമായി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷാജിമോൻ, മെംബർ പി.വി. സുശീലൻ, അസിസ്റ്റന്റ് എൻജിനിയർ പ്രിയ മേരി ഫിലിപ്പ്, അരുൺ എന്നിവർ പ്രസംഗിച്ചു.